| Wednesday, 16th July 2025, 7:04 pm

തകജം സ്റ്റാറെന്ന് വിളിച്ച് വിലകുറച്ച് കാണണ്ട, ഇത് വിനീതിന്റെ തിരിച്ചുവരവ്

അമര്‍നാഥ് എം.

ഐ.വി. ശശി സംവിധാനം ചെയ്ത ഇടനിലങ്ങളിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് വിനീത്. 17ാം വയസില്‍ എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ നഖക്ഷതങ്ങളാണ് വിനീതിന്റെ കരിയര്‍ മാറ്റിയത്. നായകന്‍, സഹനടന്‍ എന്നിങ്ങനെ തിളങ്ങിനിന്ന വിനീത് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച വരവേല്പ് പിന്നീട് വിനീതിന് ലഭിച്ചില്ല.

ഒരുകാലത്ത് തമിഴിലും തെലുങ്കിലും നിറഞ്ഞുനിന്ന വിനീത് പിന്നീട് ചെറിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലേക്ക് ചുരുങ്ങുകയായിരുന്നു. ആട്ടക്കഥ, എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഏഴാമത്തെ വരവ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയം രുചിച്ചു. സോഷ്യല്‍ മീഡിയ സജീവമായതിന് ശേഷം ട്രോളന്മാരുടെ ഇരയാവുകയായിരുന്നു വിനീത്. നിരവധി സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ കാംബോജി എന്ന ചിത്രത്തിലെ പ്രകടനമാണ് ട്രോളന്മാരുടെ ആയുധം.

നടന്‍ എന്നതിന് പുറമെ നര്‍ത്തകന്‍ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച വിനീതിന്റെ കാംബോജിയിലെ നൃത്തരംഗങ്ങളാണ് ട്രോളാനായി ഉപയോഗിക്കുന്നത്. തകജം സ്റ്റാര്‍ എന്ന വിളിപ്പേരും വിനീതിന് ട്രോളന്മാര്‍ ചാര്‍ത്തിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകള്‍ താന്‍ ആസ്വദിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിനീതിന്റെ കരിയറിലെ സെക്കന്‍ഡ് ഇന്നിങ്‌സ് ആരംഭിക്കുന്നത് 2019ലാണ്. മലയാളത്തിലെ ചരിത്രവിജയമായി മാറിയ ലൂസിഫറില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി വിനീത് ഞെട്ടിച്ചു. വില്ലനായി വിവേക് ഒബ്രോയ് ക്യാമറക്ക് മുന്നില്‍ തകര്‍ത്തപ്പോള്‍ ക്യാമറക്ക് പിന്നില്‍ ആ കഥാപാത്രത്തിന്റെ ശബ്ദം നല്‍കി വിനീത് കട്ടക്ക് സ്‌കോര്‍ ചെയ്തു. ആ വര്‍ഷം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് തന്റെ ഷെല്‍ഫിലെത്തിക്കാനും വിനീതിന് സാധിച്ചു.

അതേ വര്‍ഷം പുറത്തിറങ്ങിയ സര്‍വം താളമയം എന്ന സിനിമയിലും വിനീതിന്റെ മറ്റൊരു മുഖം കാണാന്‍ സാധിച്ചു. ജി.വി. പ്രകാശ് നായകനായെത്തിയ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബ്രാഹ്‌മണനാണെന്നും ഉയര്‍ന്നജാതിയിലുള്ളയാളാണ് താനെന്നുമുള്ള അഹംഭാവം കൊണ്ടുനടക്കുന്ന മണി എന്ന കഥാപാത്രം വിനീതില്‍ ഭദ്രമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് അധികം പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനമായിരുന്നു ചിത്രത്തിലേത്.

ബിഗ് ബ്രദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും വിനീത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായി തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തില്‍ വിനീത് തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ മറ്റൊരു ചിത്രമായിരുന്നു പാച്ചുവും അത്ഭുതവിളക്കും. അഖില്‍ സത്യന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തില്‍ റിയാസ് എന്ന കഥാപാത്രമായാണ് വിനീത് വേഷമിട്ടത്.

കണ്ടാല്‍ സൗമ്യനെന്ന് തോന്നിക്കുന്ന, എന്നാല്‍ അങ്ങേയറ്റം ടോക്‌സിക്കായ റിയാസ് എന്ന കഥാപാത്രം വിനീതില്‍ ഭദ്രമായിരുന്നു. സ്വന്തം അമ്മയോട് ദേഷ്യപ്പെടുന്ന സീനിലെ പ്രകടനം ശരിക്കും സര്‍പ്രൈസായിരുന്നു. എം.ടിയുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ മനോരഥങ്ങള്‍ എന്ന വെബ് സീരീസിലെ പ്രകടനവും മികച്ചതായിരുന്നു.

മമ്മൂട്ടി വേഷമിട്ട കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന സെഗ്മെന്റിലെ കഥാപാത്രത്തിന്റെ പ്രകടനം അണ്ടര്‍റേറ്റഡെന്നേ പറയാനാകൂ. സിലോണില്‍ നിന്ന് നാട്ടിലേക്ക് വരുന്ന വലിയ കാരണവരുടെ എല്ലാ മാനറിസവും വിനീത് നന്നായി കൈകാര്യം ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിലും പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു.

ക്ലാസിക്കല്‍ നൃത്തം മാത്രം കണ്ടുശീലിച്ച പ്രേക്ഷകരുടെ മുന്നിലേക്ക് മദ്യപിച്ച് ഡെപ്പാംകൂത്ത് പാട്ടിന് ചുവടുവെക്കുന്ന വിനീത് പ്രേക്ഷകര്‍ക്ക് പുതുമയായിരുന്നു. ഈ വര്‍ഷം തന്നെ തിയേറ്ററിലെത്തിയ, ലിജോമോള്‍ ജോസ് പ്രധാനവേഷത്തിലെത്തിയ കാതല്‍ എന്‍പത് പൊതു ഉടമൈ എന്ന ചിത്രത്തില്‍ താരത്തിന്റെ വേഷവും അഭിനന്ദിക്കപ്പെടേണ്ടതാണ്. സ്വന്തം മകള്‍ ഹോമോസെക്ഷ്വലാണെന്നറിയുമ്പോള്‍ അതിനെ എതിര്‍ക്കുന്ന അച്ഛനായി മികച്ച പ്രകടനമാണ് വിനീത് കാഴ്ചവെച്ചത്.

ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ധീരനിലും വിനീത് ഷോ സ്റ്റീലറാകുന്നുണ്ട്. കോമഡി ചുവയുള്ള അബൂബക്കര്‍ ഹാജിയെന്ന വില്ലന്‍ വേഷം അനായാസമായാണ് താരം ചെയ്തുവെച്ചിരിക്കുന്നത്. കരിയറിന്റെ പുതിയ ഫെയ്‌സില്‍ വ്യത്യസ്തത കൊണ്ട് കളംനിറയുകയാണ് വിനീത്. വെറും ‘തകജം സ്റ്റാറെ’ന്ന് വിളിച്ച് കളിയാക്കേണ്ട നടനല്ല വിനീത്. അയാളെ മലയാളസിനിമ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യേണ്ടതുണ്ട്.

Content Highlight: Vineeth’s performance in his recent movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more