| Wednesday, 18th March 2026, 2:35 pm

ഞങ്ങള്‍ തന്നെ ആദ്യം സിനിമയെ കുറിച്ച് തള്ളണ്ടെന്ന് വിചാരിച്ചു; പ്രൊമോഷന്‍ പോലും കൊടുക്കാതിരുന്നത് അതുകൊണ്ട്: വിനീത് കുമാര്‍

ഐറിന്‍ മരിയ ആന്റണി

ജിത്തു സതീശന്‍ മംഗലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സംഭവം അധ്യായം ഒന്ന് മാര്‍ച്ച് 6നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹെപ്പോ, പ്രൊമോഷനോ ഇല്ലാതെ വന്ന ഈ മിസ്റ്ററി ഫാന്റസി ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

അസ്‌കര്‍ അലി, വിനീത് കുമാര്‍, സിദ്ധാര്‍തത്ഥ് ഭരതന്‍, അസീം ജമാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് വിനീത് കുമാര്‍.

‘ഈ സിനിമയുടെ റിലീസിന് മുമ്പ്, പബ്ലിസിറ്റിക്ക് വേണ്ടി അഭിമുഖങ്ങളോ, വലിയ പ്രൊമോഷനോ കൊടുത്തിട്ടില്ല. സിനിമയുടെ റിലീസ് ശേഷമാണ് തിയേറ്റര്‍ വിസിറ്റും ഇന്റര്‍വ്യൂസുമൊക്കെ ചെയ്യുന്നത്. ഞങ്ങള്‍ക്ക് ആദ്യമേ അങ്ങനെയൊരു പ്ലാന്‍ ഉണ്ടായിരുന്നു. ആദ്യം സിനിമയെ കുറിച്ച് നമ്മള്‍ തള്ളാതെ സിനിമ കണ്ട് പ്രേക്ഷകര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ട്, അവരുടെ കൂടെ നില്‍ക്കാം എന്ന പ്ലാനായിരുന്നു.

അത് വളരെ എക്‌സൈറ്റിങ്ങായ ഒരു പ്രോസസായിരുന്നു. ഞങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടൂതല്‍ സിനിമ കണ്ട് പ്രേക്ഷകര്‍ എന്ത് പറയുന്നു എന്നാണ് മറ്റുള്ളവര്‍ നോക്കുക. അത് എന്റെ സിനിമാ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിട്ട് തോന്നി. കാരണം ഞങ്ങള്‍ ചെറിയ ഒരു ടീമാണ്,’ വിനീത് കുമാര്‍ പറയുന്നു.

ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയമായിരുന്നു തങ്ങളുടെ കരുത്തെന്നും സിനിമ ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ടെന്നും വിനീത് കുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇന്‍സ്റ്റയില്‍ വരുന്ന ഫീഡിലടക്കം സിനിമയെ കുറിച്ചുള്ള ഒരുപാട് കുറിപ്പുകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാണ് ഈ സിനിമക്ക് തങ്ങള്‍ക്ക് കിട്ടിയ ഹൈ എന്നും സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും വിനീത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തില്‍ എത്തിയ ഈ ചിത്രം, സംഭവം എന്ന ഷോര്‍ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നവീന്‍ നജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അര്‍ജുന്‍ പ്രകാശാണ്.

Content Highlight: Vineeth Kumar talks about the movie, Sabavam adhyayam onnu 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more