| Saturday, 21st March 2026, 1:03 pm

ഒരു പരീക്ഷണ ചിത്രം ആളുകള്‍ സ്വീകരിക്കുമോ എന്ന് സംശയം തോന്നി: പക്ഷേ അതെനിക്ക് സര്‍പ്രൈസിങ്ങ് ആയിരുന്നു: വിനീത് കുമാര്‍

ഐറിന്‍ മരിയ ആന്റണി

മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഇപ്പോഴുമുള്ള നടനാണ് വിനീത് കുമാര്‍. ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം സിനിമയില്‍ വന്നിട്ട് ഏകദേശം 37വര്‍ഷങ്ങള്‍ പിന്നിട്ടു. വടക്കന്‍വീരഗാഥ, ദേവദൂതന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടന്‍ അഭിനയിച്ചിട്ടുണ്ട്.

ഡിയര്‍ ഫ്രണ്ട്, അയാള്‍ ഞാനല്ല തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ സാന്നിധ്യം അറിച്ച താരത്തിന്റെ 2024ല്‍ റിലീസായ റൈഫിള്‍ ക്ലബ്ബിലെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഭവം അധ്യായം ഒന്നാണ് വിനീതിന്റേതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം.

ജിത്തു സതീശന്‍ മംഗലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് വിനീത് കുമാര്‍.

‘എത്തേണ്ട ഓഡിയന്‍സിലേക്ക് കൃത്യമായി ഈ സിനിമ എത്തി കഴിഞ്ഞാല്‍ വര്‍ക്കാവും എന്നാണ് ജിത്തു എന്റെയടുത്ത് പറഞ്ഞത്. പക്ഷേ ഞാന്‍ വിചാരിച്ചത് അങ്ങനെയുള്ള ഓഡിയന്‍സ് കുറവായിരിക്കും എന്നാണ്. ഡാര്‍ക്ക്, ലോസ്റ്റ് പോലുള്ള സീരീസുകള്‍ കാണാത്ത പ്രേക്ഷകര്‍ ഈ കൊമേഷ്യല്‍ സ്‌പേയ്‌സില്‍ എത്രത്തോളം ഉണ്ടാകുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

എന്നാല്‍ അങ്ങനെയുള്ള ഓഡിയന്‍സിന് മാത്രമല്ല ഈ സിനിമ വര്‍ക്കായത്. അതെന്നെ അത്ഭുതപ്പെടുത്തി. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരൊക്കെ അതിന്റെ ലൂപ്പില്‍ പെടുന്നുണ്ട്. ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആയിക്കോട്ടേ, സൗണ്ട് ഡിസൈനിങ്ങിലായികോട്ടെ എല്ലാ രീതിയില്‍ നോക്കുകയാണെങ്കിലും പ്രേക്ഷകര്‍ക്ക് ആ സിനിമയിലേക്ക് ഇന്‍ ആകുന്നുണ്ട്,’വിനീത് പറഞ്ഞു.

സംഭവം കാണാന്‍ വരുമ്പോള്‍ ലോസ്റ്റ് പോലുള്ള സീരീസുകള്‍ എക്‌സ്പീരിയന്‍ ചെയ്യേണ്ടതില്ലെന്ന് തനിക്ക് അപ്പോള്‍ മനസിലായെന്നും അത് തനിക്ക് ഒരു സര്‍പ്രൈസിങ് ഫാക്ടറായിരുന്നുവെന്നും വിനീത് പറഞ്ഞു. പരീക്ഷണ ചിത്രം പോലൊന്നാണ് സംഭവത്തിലൂടെ തങ്ങള്‍ ചെയ്തതെന്നും ഇതുപോലെയുള്ള സിനിമകള്‍ ഒരുപാട് ശ്രദ്ധിക്കപ്പെടുമോ എന്ന സംശയം തനിക്ക് ആദ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തില്‍ എത്തിയ ഈ ചിത്രം, സംഭവം എന്ന ഷോര്‍ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നവീന്‍ നജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അര്‍ജുന്‍ പ്രകാശാണ്.

Content Highlight: Vineeth Kumar talks about the film Sambavam  and the audience response

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more