| Sunday, 29th March 2026, 9:41 am

മമ്മൂക്കയുടെ ഗോള്‍ഡന്‍ എറ ഇപ്പോഴാണെന്ന് പറയുന്നതിനോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്; വിനീത് കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

ചെറിയ വേഷങ്ങളിലൂടെയെങ്കിലും മലയാളികളുടെ മനസില്‍ എപ്പോഴും പരിചിതമായ മുഖമാണ് വിനീത് കുമാറിന്റെത്. . ബാലതാരമായി സിനിമയിലേക്കെത്തിയ അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ഭരതം തുടങ്ങി ക്ലാസിക് ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിനീത് പിന്നീട് നായകനായും കഴിവ് തെളിയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ദേവദൂതനില്‍ മഹേശ്വറായി വേഷമിട്ട താരം ഒരിടവേളക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു.

റൈഫിള്‍ ക്ലബില്‍. Photo: Ott Play

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബില്‍ പ്രധാനവേഷത്തിലെത്തിയ താരത്തിന്റെ പുതുതായി തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജിത്തു സതീഷ് സംവിധാനം ചെയ്ത സംഭവം അദ്ധ്യായം ഒന്ന്. ചിത്രവുമായി ബന്ധപ്പെട്ട് വനിത യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടിയെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘മമ്മൂക്കയുടെ ഗോള്‍ഡന്‍ എറ ഇപ്പോഴാണെന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നേയില്ല. കാരണം മമ്മൂക്കയുടെ വടക്കന്‍ വീരഗാഥ അടുത്തിടെ തിയേറ്ററില്‍ റീറിലീസ് ചെയ്തപ്പോള്‍ ഞാന്‍ കണ്ട് ഞെട്ടിപ്പോയി. ചിത്രം കണ്ടതിന് ശേഷം അദ്ദേഹത്തെ പോയി കണ്ടപ്പോള്‍ മമ്മൂക്ക ചില ഡയലോഗ്‌സ് പറഞ്ഞ രീതികളെക്കുറിച്ചെല്ലാം ആവേശത്തോടെ പറഞ്ഞിരുന്നു.

പക്ഷേ മമ്മൂക്ക എന്നോട് ചോദിച്ചത് ഇപ്പോഴത്തെ ജെന്‍ സി പിള്ളേര്‍ക്ക് അത് കണക്ടായില്ല അല്ലേ എന്നാണ്. അവര്‍ക്കിപ്പോള്‍ മനസിലാക്കാന്‍ പറ്റാത്തതുകൊണ്ടായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം എം.ടി സാറിന്റെ അത്രയും കടുകട്ടി ഡയലോഗ് ഒരോ വാക്കുകളിലും ഓരോ ഡയമെന്‍ഷന്‍സുള്ള രീതിയിലാാണ് അദ്ദേഹം എഴുതിവെച്ചിരിക്കുന്നത്. ആ സമയം നോക്കി കഴിഞ്ഞാല്‍ അന്ന് മമ്മൂക്ക ചെയ്തിരിക്കുന്നതെല്ലാം ഗംഭീര സിനിമകളല്ലേ. അങ്ങനെയുള്ള കാലഘട്ടത്തിന് ശേഷം അത്തരം കഥകള്‍ അദ്ദേഹത്തിന് ഇപ്പോഴാണ് കിട്ടിയിട്ടുള്ളത്. ഇതെല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ആ ആക്ടര്‍ നിന്ന് കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം സിനിമകള്‍ സംഭവിക്കുന്നത്,’ വിനീത് പറഞ്ഞു.

ഒരു വടക്കന്‍ വീരഗാഥ. Photo: Matinee

ഒരു സംവിധായകനാണെങ്കില്‍ ഏത് തരത്തിലുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് നമുക്ക് തീരുമാനിക്കാമെന്നും എന്നാല്‍ അഭിനേതാവിന് തന്റെ അടുത്തേക്ക് വരുന്ന കഥകളില്‍ നിന്നും തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏതാണ് തന്റെ ഗോള്‍ഡന്‍ എറയെന്ന് ബോധവാനല്ലെന്നും ചെറിയ പ്രായത്തില്‍ ലെജന്‍ഡ്‌സിനൊപ്പം അഭിനയിക്കുകയും ഇപ്പോള്‍ നല്ല ക്യാരക്ടറുകള്‍ തന്റടുത്തേക്ക് വരികയും ചെയ്യുന്നുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

Content Highlight: Vineeth Kumar talks about Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more