| Thursday, 19th March 2026, 9:35 pm

അപരിചിതനും റൈഫിള്‍ ക്ലബും ഇപ്പോള്‍ സംഭവവും; കാട്ടിലെ ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് വിനീത് കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

ബാലതാരമായി മലയാള സിനിമയിലെത്തി സഹനടനായും സംവിധായകനായും മലയാളികള്‍ക്ക് പരിചിതനായ താരമാണ് വിനീത് കുമാര്‍. മമ്മൂട്ടിയുടെ ചെറുപ്പകാലമായി ഒരു വടക്കന്‍ വീരഗാഥയില്‍ ശ്രദ്ധിക്കപ്പെട്ട താരം മിഥുനം, ഭരതം, സര്‍ഗം, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്തുകയായിരുന്നു. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദേവദൂതനിലെ നിഖില്‍ മഹേശ്വര്‍ എന്ന കഥാപാത്രത്തിലൂടെ വിനീതെന്ന യുവാവും പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നുണ്ട്.

സംഭവം അധ്യായം ഒന്ന്. Photo: Ott Play

ഇപ്പോഴിതാ സംഭവം അധ്യായം ഒന്ന് എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തിയിരിക്കുകയാണ് വിനീത് കുമാര്‍. അസ്‌കര്‍ അലിയെ കേന്ദ്രകഥാപാത്രമാക്കി ജിത്തു സതീശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരം ഇതിന് മുമ്പ് അഭിനയിച്ച അപരിചിതന്‍, റൈഫിള്‍ ക്ലബ് തുടങ്ങിയ ചിത്രങ്ങളിലും സംഭവത്തിലും കാട് പശ്ചാത്തലമായി വന്നതിനെക്കുറിച്ചാണ് വിനീത് സംസാരിച്ചത്.

‘അപരിചിതന്‍ ഷൂട്ട് ചെയ്തത് നെല്ലിയാമ്പതിയിലായിരുന്നു. മമ്മൂക്കക്കൊപ്പമുള്ള ഷൂട്ടിങ്ങെല്ലാം പുതിയ ഒരനുഭവമായിരുന്നു. എല്ലാത്തിലുമുപരി കാട് നല്ല രസമാണ്. അസ്‌കര്‍ എന്നെ കളിയാക്കുമായിരുന്നു. ഷൂട്ടിന്റെ ഭാഗമല്ലാതെ യാത്ര പോകുമ്പോഴെല്ലാം കാട്ടില്‍ തുടര്‍ച്ചയായി കിലോമീറ്ററുകളോളം നടക്കാറുണ്ടായിരുന്നു. കാട്ടില്‍ ഷൂട്ട് ചെയ്യുന്ന സമയം മിക്കവാറും പുറത്താണ്. കാരവാനില്‍ ഇരിക്കാറില്ല.

പാലക്കാട് ചൂടാണെങ്കിലും കാടിനുള്ളില് അത്രയും തണുപ്പായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ആനകളെ കണ്ടിരുന്നു, എന്നാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. അതുകൊണ്ടാണ് ചിത്രം ആരംഭിക്കുമ്പോള്‍ സംവിധായകന്‍ പ്രപഞ്ചത്തിന് നന്ദി എന്ന് നല്‍കിയത്,’ വിനീത് പറഞ്ഞു.

ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി ആഷിഖ് അബു സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്. ഷാജഹാന്‍ എന്ന കഥാപാത്രമായെത്തിയ വിനീത് വേട്ടക്കായി കാട്ടില്‍ പോകുന്ന രംഗം റൈഫിള്‍ ക്ലബില്‍ ശ്രദ്ധേയമായിരുന്നു. ഹനുമാന്‍ കൈന്‍ഡ്, അനുരാഗ് കശ്യപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

റൈഫിള്‍ ക്ലബ്. Photo: Book My Show

വിനീത് പ്രധാനവേഷത്തിലെത്തിയ മറ്റൊരു ഹൊറര്‍ ചിത്രമായിരുന്നു അപരിചിതന്‍. ചിത്രത്തില്‍ ചാക്കോ എന്ന കഥാപാത്രമായാണ് വിനീത് എത്തിയിരുന്നത്. മലയാളത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു അപരിചിതന്‍. ചിത്രത്തിലെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഇന്നും പുതിയ കാഴ്ച്ചക്കാരെ ഭയപ്പെടുത്തുന്നവയാണ്.

Content Highlight: Vineeth Kumar talks about his Experience of Shooting in Forest

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more