| Friday, 20th March 2026, 11:16 am

അന്ന് എന്റെ കണ്ണ് നിറഞ്ഞു; സിനിമയുടെ വിജയം ഇന്ന് ആഘോഷിക്കുന്ന രീതി വ്യത്യസ്തം: വിനീത് കുമാര്‍

ഐറിന്‍ മരിയ ആന്റണി

മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഇപ്പോഴുമുള്ള നടനാണ് വിനീത് കുമാര്‍. ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം സിനിമയില്‍ വന്നിട്ട് ഏകദേശം 37വര്‍ഷങ്ങള്‍ പിന്നിട്ടു. വടക്കന്‍വീരഗാഥ, ദേവദൂതന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടന്‍ അഭിനയിച്ചിട്ടുണ്ട്.

ഡിയര്‍ ഫ്രണ്ട്, അയാള്‍ ഞാനല്ല തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും തന്റെ സാന്നിധ്യം അറിച്ച താരത്തിന്റെ 2024ല്‍ റിലീസായ റൈഫിള്‍ ക്ലബ്ബിലെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ സംഭവം അധ്യായം ഒന്നാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ജിത്തു സതീശന്‍ മംഗലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 6നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പോ, പ്രൊമോഷനോ ഇല്ലാതെ വന്ന ഈ മിസ്റ്ററി ഫാന്റസി ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍, ഒരുപാട് വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുള്ള ആളാണ് താനെന്ന് വിനീത് പറയുന്നു.

‘എന്റെ കുട്ടികാലത്ത് ഞാന്‍ ചെയ്ത പല സിനിമകളും ലോങ് റണ്ണായിരുന്നു. ഒരു സിനിമ നൂറ് ദിവസം ഓടി കഴിഞ്ഞാല്‍ നമുക്ക് ഒരു ഷീല്‍ഡ് കിട്ടും, അങ്ങനെയുള്ള കുറച്ച് ഷീല്‍ഡ് എന്റെ വീട്ടിലുമുണ്ട്. ഭരതം, വടക്കന്‍ വീരഗാഥ തുടങ്ങി ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികലാത്ത് നമ്മള്‍ വിജയത്തെ ആഘോഷിച്ചതും ആസ്വദിച്ചതുമൊക്കെ വേറേ രീതിയിലാണ്. കാരണം അന്ന് സോഷ്യല്‍ മീഡിയ ഇല്ല.

അന്ന് എത്ര ദിവസം സിനിമ ഓടി എന്നറിയുന്നത് വരുന്ന പോസ്റ്ററുകളിലൂടെയാണ്. ഇപ്പോള്‍ നൂറാം ദിവസം എന്ന് പറഞ്ഞൊരു സെലിബ്രേഷന്‍ നമുക്ക് ഇല്ലല്ലോ. ഇപ്പോള്‍ അത് വളരെ അപൂര്‍വം ചില തിയേറ്ററുകളില്‍ മാത്രമേയുള്ളു. പണ്ട് അങ്ങനെയല്ല,’ വിനീത് പറയുന്നു.

തന്നെ ഏറ്റവും കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിച്ചത് ദേവദൂതന്റെ റീ റിലീസാണെന്നും 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങി പരാജയപ്പെട്ട ഒരു സിനിമയ്ക്ക് പിന്നീട് അംഗീകാരം കിട്ടിയെന്നത് ചെറിയൊരു കാര്യമല്ലെന്നും വിനീത് കുമാര്‍ പറഞ്ഞു. സിനിമയുടെ അവസാനം ‘എന്തരോ മഹാനുഭാവലൂ’ എന്ന ഗാനം വന്നപ്പോള്‍ തിയേറ്ററില്‍ എല്ലാവരും കയ്യിടിച്ചുവെന്നും അത് കണ്ട് തന്റെ കണ്ണ് നിറഞ്ഞുവെന്നും താരം പറഞ്ഞു.

Content Highlight: Vineeth  kumar says enjoying the success of a film was different in the past

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more