| Friday, 27th March 2026, 3:43 pm

നിങ്ങളെയാണ് ഞാന്‍ റൈഫിള്‍ ക്ലബ്ബില്‍ മാതൃകയാക്കിയതെന്ന് ചാക്കോച്ചനോട് പറഞ്ഞു, പുള്ളിയുടെ മറുപടി രസകരമായിരുന്നു: വിനീത് കുമാര്‍

അമര്‍നാഥ് എം.

വ്യത്യസ്തമായ കഥപറച്ചില്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ റൈഫിള്‍ ക്ലബ്ബ്. ആഷിഖ് അബു അണിയിച്ചൊരുക്കിയ ചിത്രം സിനിമാപ്രേമികള്‍ക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു. എടുത്തുപറയാന്‍ വലിയൊരു താരനിര ഇല്ലാതിരുന്നിട്ടും ചിത്രം വിജയമായി മാറി. അനുരാഗ് കശ്യപ്, ദിലീഷ് പോത്തന്‍, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു വിനീത് കുമാര്‍ അവതരിപ്പിച്ച ഷാജഹാന്‍. 90കളില്‍ മലയാളത്തില്‍ തിളങ്ങിനിന്ന ചോക്ലേറ്റ് ഹീറോയായാണ് ഷാജഹാനെ ആഷിഖ് അബു അവതരിപ്പിച്ചത്. സിനിമയുടെ തുടക്കത്തില്‍ കണ്ട പാവത്താന്‍ ഇമേജില്‍ നിന്ന് ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ ആക്ഷന്‍ ഹീറോയായുള്ള വിനീതിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഷാജഹാന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്. അടുത്തകാലത്ത് വന്നതില്‍ തനിക്ക് ഒരുപാട് റീച്ച് നല്‍കിയ കഥാപാത്രമാണ് ഷാജഹാനെന്ന് വിനീത് കുമാര്‍ പറഞ്ഞു. ആഷിഖ് അബു എന്ന സംവിധായകന് ആ കഥാപാത്രത്തെക്കുറിച്ച് കൃത്യമായ വിഷനുണ്ടായിരുന്നെന്നും അത് തന്റെ പെര്‍ഫോമന്‍സിന് ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത മാസികയോട് സംസാരിക്കുകയായിരുന്നു താരം.

റൈഫിള്‍ ക്ലബ്ബിലെ ചില സീനുകള്‍ ചെയ്ത് കഴിയുമ്പോള്‍ ഞാന്‍ ആലോചിക്കും ‘ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരാണ്?’ അങ്ങനെ നോക്കുമ്പോള്‍ ചാക്കോച്ചനെയാണ് എനിക്ക് ഓര്‍മ വന്നത്. എന്റെ പെര്‍ഫോമന്‍സില്‍ ചാക്കോച്ചന്റെ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടായിട്ടുണ്ട്. കാരണം, ചാക്കോച്ചനെ എനിക്ക് പേഴ്‌സണലായി അറിയാം.

ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്, AMMAയുടെ പ്രോഗ്രാമുകളില്‍ ഒന്നിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ട്. അങ്ങനെ നല്ല കമ്പനിയാണ് ഞങ്ങള്‍ തമ്മില്‍. ആ ഒരു പരിചയമായിരുന്നു ഇന്‍ഫ്‌ളുവന്‍സിന് പിന്നില്‍. അങ്ങനെ സിനിമ റിലീസായ ശേഷം ചാക്കോച്ചന്‍ ആ പടം കണ്ടിട്ട് എനിക്ക് മെസേജയച്ചു. ‘നന്നായിട്ടുണ്ട്, പൊളിച്ചിട്ടുണ്ട്’ എന്നായിരുന്നു പുള്ളി പറഞ്ഞത്. നിങ്ങളെയാണ് ഈ ക്യാരക്ടറിന് വേണ്ടി മാതൃകയാക്കിയത് എന്ന് പറഞ്ഞപ്പോള്‍ ‘അങ്ങനെയാണെങ്കില്‍ എനിക്ക് അതിന്റെ ഷെയര്‍ വേണം’ എന്ന് മറുപടി നല്‍കി,’ വിനീത് കുമാര്‍ പറയുന്നു.

സംവിധായകന്‍ ആഷിഖ് അബു ഷാജഹാന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഷൂട്ടിന്റെ സമയത്തെല്ലാം ഫീഡ് ചെയ്തുകൊണ്ടിരിക്കുമായിരുന്നെന്നും താരം പറഞ്ഞു. അതെല്ലാം തനിക്ക് സഹായമായെന്നും അദ്ദേഹം പറയുന്നു. വിനീത് കുമാര്‍ ഭാഗമായ ഏറ്റവും പുതിയ ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശന്‍ സംവിധാനം ചെയ്ത ചിത്രം വലിയ താരനിരയൊന്നുമില്ലാതെ വന്ന് മികച്ച വിജയം നേടിയിരുന്നു.

Content Highlight: Vineeth Kumar saying Kunchacko Boban was the inspiration for his character in Rifle Club movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more