| Saturday, 21st March 2026, 8:00 pm

ജയപ്രദ മാം എന്റെ നായികയാവുക, സ്വപ്നം പോലെയായിരുന്നു; പ്രായ വ്യത്യാസം ഓര്‍ത്തപ്പോള്‍ ആദ്യം സംശയിച്ചു: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ല്‍ തിയേറ്ററുകളിലെത്തുകയും ബോക്‌സ് ഓഫീസില്‍ പരാജയമായി തീരുകയും ചെയ്ത ചിത്രമാണ് ദേവദൂതന്‍. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ അണിയിച്ചൊരുക്കിയ ഈ മിസ്റ്ററി ചിത്രം പില്‍ക്കാലത്ത് ക്ലാസിക് എന്ന് പ്രേക്ഷകര്‍ വിശേഷിപ്പിച്ചു. അടുത്തിടെ ചിത്രം 4k റീ മാസ്റ്റര്‍ ചെയ്ത പതിപ്പ് തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തു.

ജയപ്രദ, ജഗതി ശ്രീകുമാര്‍, വിജയലക്ഷ്മി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ വിനീത് കുമാറും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ ദേവദൂതന്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത് കുമാര്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് താന്‍ ദേവദൂതന്‍ ചെയ്തതെന്ന് നടന്‍ പറയുന്നു.

‘അതിലേക്ക് ലുക്ക് ടെസ്റ്റിനായി ഒരു കോള്‍ വന്നു. അന്ന് ഞാന്‍ സിബി സാറിനോട് ചോദിച്ചു, ‘സാര്‍ എങ്ങനെയാണ് പെട്ടെന്ന് എന്നെ ഓര്‍ത്തതെന്ന്’ എന്ന്. നിന്റെ ഓരോ പ്രായത്തിലുള്ള വര്‍ക്കുകളും ഞാന്‍ കാണുന്നുണ്ടെന്നും ഒരു മാഗസിനില്‍ വന്ന ഫോട്ടോ കാരണമാണ് ഇപ്പോള്‍ ഓര്‍മ വന്നതെന്നും അന്ന് സാര്‍ പറഞ്ഞു.

കുട്ടിക്കാലത്ത് ‘സാഗരസംഗമം’ എന്ന സിനിമ കണ്ടാണ് ജയപ്രദ മാമിനോട് ആരാധന തോന്നുന്നത്. അവരെന്റെ നായികയാവുക എന്നത് സ്വപ്നം പോലെയായിരുന്നു. ഞങ്ങളുടെ പ്രായ വ്യത്യാസം ഓര്‍ത്തപ്പോള്‍ ആദ്യം അതെങ്ങനെയായിരിക്കും എന്ന് സംശയം തോന്നി. കഥ കേട്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. എന്നാലും ജയപ്രദ മാമിന്റെ കൂടെ സ്‌ക്രീന്‍സ്‌പേസ് കിട്ടിയില്ല എന്നത് സങ്കടമായിരുന്നു,’ വിനീത് കുമാറിന്റെ വാക്കുകള്‍.

ഷൂട്ട് തീര്‍ന്ന് കുറച്ച് നാളുകള്‍ക്കുള്ളില്‍ തനിക്ക് വീണ്ടുമൊരു കോള്‍ വന്നുവെന്നും ഒരു ഷോട്ട് കൂടി എടുക്കാന്‍ ചെന്നൈയിലേക്ക് പോകണമെന്നായിരുന്നു അറിയിപ്പെന്നും വിനീത് ഓര്‍ത്തെടുത്ത് പറയുന്നു.

സിനിമയുടെ അവസാനം നിഖില്‍ മഹേശ്വറിന്റെ അസ്ഥികൂടം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് അലീന വരുന്ന തും ഒരു ചില്ലുഗ്ലാസിനപ്പുറമിപ്പുറമായി അവരുടെ കൈകള്‍ തമ്മില്‍ ചേരുകയും ചെയ്യുന്ന ഒരു ഷോട്ടിന് വേണ്ടിയാണ് അന്ന് വിളിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ആ ഒറ്റ ഷോട്ടില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നതെന്നും വിനീത് പറഞ്ഞു.

ക്ലാസിക് എന്ന വിശേപ്പിക്കുന്ന ചിത്രത്തിലെ വിദ്യാസാഗറിന്റെ സംഗീതവും ഒരു മാസ്റ്റര്‍പീസായിരുന്നു. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രണം സന്തോഷ് തുണ്ടിയിലാണ്.

Content Highlight:  Vineeth Kumar on the movie Devadoothan and Jaya Prada

We use cookies to give you the best possible experience. Learn more