| Monday, 23rd March 2026, 4:30 pm

ആ ഓഡിഷനില്‍ ഞാന്‍ പൂര്‍ണ്ണ പരാജയം ആയിരുന്നു; അവസാന നിമിഷമാണ് അഭിനയിക്കാന്‍ വിളിച്ചത്: വിനീത് കുമാര്‍

ഐറിന്‍ മരിയ ആന്റണി

ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഇപ്പോഴുമുള്ള നടന്‍ സിനിമയില്‍ വന്നിട്ട് ഏകദേശം 37വര്‍ഷങ്ങള്‍ പിന്നിട്ടു.

അഭിനയത്തിന് പുറമെ സംവിധാനത്തിലും തന്റെ സാന്നിധ്യം അറിയിച്ച വിനീത് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സംഭവം അധ്യായം ഒന്നാണ്. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വിനീത് കുമാര്‍. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ചന്തുവെന്ന കഥാപാത്രത്തിന്റെ ചെറുപ്പ കാലമാണ് വിനീത് അവതരിപ്പിച്ചത്.

‘ആദ്യമായി ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തത് ‘വടക്കന്‍ വീരഗാഥ’യ്ക്ക് വേണ്ടിയാണ്. അതില്‍ ഞാന്‍ പൂര്‍ണ്ണ പരാജയം ആയിരുന്നു. കാരണം എനിക്കന്ന് നൃത്തം ചെയ്തു മാത്രമേ പരിചയമുള്ളൂ. അവിടെ മിമിക്രിയും മോണോ ആക്ടും ചെയ്യുന്ന എന്നെക്കാള്‍ സ്മാര്‍ട്ട് ആയ ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു.

ഓഡിഷന് സംവിധായകന്‍ ഹരി ഹരന്‍ സാര്‍ ‘മോന്‍ എന്താ ചെയ്യാ’ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു എന്റെ മറുപടി. ഡാന്‍സ് വടക്കന്‍ വീരഗാഥയ്ക്ക് ആവശ്യമില്ലല്ലോ. ‘മോന്‍ ഒരു ഫോട്ടോ എടുത്തിട്ട് പൊയ്‌ക്കോ’ എന്നാണ് അവര്‍ അന്ന് പറഞ്ഞത്. അതിന്റെ ഡയറക്ടര്‍ ബാബു നാരായണന്‍ ഹരിഹരന്‍ സാറിന്റെ അസോസിയേറ്റ് ആയിരുന്നു. അന്ന് എന്റെയും ജോമോളുടെയും അഭിനയത്തെക്കുറിച്ച് ഹരിഹരന്‍ സാര്‍ വിളിച്ച് അന്വേഷിച്ചു.

പിന്നീടാണ് ‘വടക്കന്‍ വീരഗാഥയിലേക്ക് അവസരം കിട്ടുന്നതെന്നും അവസാന നിമിഷമാണ് താനാണ് അഭിനയിക്കേണ്ടത് എന്നവര്‍ തീരുമാനിച്ചതെന്നും വിനീത് കുമാര്‍ പറഞ്ഞു.

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ഒരു വടക്കന്‍വീര ഗാഥ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി കണകാക്കപ്പെടുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

Content Highlight: Vineeth kumar about vadakkan veeragadha movie

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more