| Tuesday, 29th September 2026, 6:31 pm

ഗിരീഷിനെ അഭിനന്ദിച്ച് വിനീത് ചാക്യാര്‍; എന്തുകൊണ്ട് ഹരി ചാക്യാരായി അഭിനയിച്ചില്ലെന്ന് പോസ്റ്റിന് താഴെ കമന്റുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചയിലുള്ള സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗിരീഷ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ സ്ട്രോങ് ടെറിട്ടറിയായ റോം-കോം എന്റര്‍ടെയിനറില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടെ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് ഗിരീഷിനൊപ്പം കൈകോര്‍ത്തപ്പോള്‍ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന മറ്റൊരു ടോപ് ക്ലാസ് റോം-കോം ചിത്രമായിരുന്നു മലയാളത്തിന് ലഭിച്ചത്.

ഗിരീഷും വിനീതും. Photo: Vineeth Chakyar/ Facebook.com

കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 150 കോടിയും ആഗോളതലത്തില്‍ 320 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷിന്റെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ ഗിരീഷ് എ.ഡിയെ അഭിനന്ദിച്ചുകൊണ്ട് അഭിനേതാവായ വിനീത് ചാക്യാര്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗിരീഷിന്റെ ചിത്രമായ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ടൂര്‍ കോര്‍ഡിനേറ്ററായും സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ അജിത്ത് മേനോന്‍ എന്ന കഥാപാത്രമായും പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിച്ച അഭിനേതാവാണ് വിനീത്. താരം ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത് ബെത്‌ലഹേമിന്റെയും പ്രേമലുവിന്റെയും തിരക്കഥാകൃത്തായ കിരണ്‍ ജോസി സംവിധാനം ചെയ്ത അനുരാഗ് എന്‍ജിനീയറിങ് വര്‍ക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ്.

ഷോര്‍ട്ട് ഫിലിമില്‍ അനുരാഗ് എന്ന ടൈറ്റില്‍ ക്യാരക്ടറിനെയായിരുന്നു വിനീത് അവതരിപ്പിച്ചത്. ചിത്രം പ്രൊഡ്യൂസ് ചെയ്തത് ഗിരീഷ് എ.ഡിയായിരുന്നുവെന്നും കാണാം. ഇതിലെ പല രംഗങ്ങളും റെഫറന്‍സായി ബെത്‌ലഹേമിന്റെ ഭാഗമായി ഇറക്കിയ സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഷോര്‍ട്ട് ഫിലിമിലും ഉപയോഗിച്ചിരുന്നു.

Photo: Vineeth Chakyar/ Facebook.com

‘ജീവിതം ഇത്രയേറെ മനോഹരമാക്കിയതിന് ഗിരീഷിനോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. നമ്മള്‍ പങ്കുവെച്ച ചിരിയും സംഗീതവും മറ്റ് എല്ലാ നിമിഷങ്ങളും എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ നീ വളരുന്നതും വലിയ ഉയരങ്ങള്‍ കീഴടക്കുന്നതും കാണുമ്പോള്‍ എനിക്ക് അതിയായ അഭിമാനം തോന്നുന്നു. എന്നും നിനക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകും,’ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിന് താഴെ ഒരാള്‍ പങ്കുവെച്ച കമന്റാണ് പലരിലും കൗതുകമുണര്‍ത്തുന്നത്. വിനീത് ചാക്യാരുമായി ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ശ്യാം മോഹന്‍ അവതരിപ്പിച്ച ഹരി ചാക്യാര്‍ എന്ന കഥാപാത്രത്തിന് വലിയ സാദൃശ്യമുള്ള സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ആ കഥാപാത്രം വിനീത് ചെയ്തില്ല എന്നാണ് കമന്റ്. യഥാര്‍ത്ഥ ജീവിതത്തില്‍ ചാക്യാര്‍കൂത്ത് കലാകാരനായ വിനീതിന്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹരി ചാക്യാര്‍ എന്ന കഥാപാത്രത്തെ ഗിരീഷ് രൂപപ്പെടുത്തിയതെന്ന് നേരത്തേ പലരും അഭിപ്രായപ്പെട്ടിരുന്നു. വിനീത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ചിത്രങ്ങളും ഈ അഭിപ്രായം ശരിവെക്കുന്നതായിരുന്നു.

Content Highlight: Vineeth Chakyar congratulates Girish AD for the victory of Bethlehem Kudumba unit

Latest Stories

We use cookies to give you the best possible experience. Learn more