| Saturday, 26th July 2025, 7:30 pm

ലാലേട്ടന്റെ അപാരമായ സിദ്ധി കണ്ട സിനിമകളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍; വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയവും നൃത്തവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന നടനാണ് വിനീത്. ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ വിനീതിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്. അപാരസിദ്ധിയുള്ള നടനാണ് മോഹന്‍ലാലെന്ന് വിനീത് പറഞ്ഞു. ഏത് കഥാപാത്രത്തിലേക്കും അനായാസം മാറാനും അതിനനുസരിച്ച് പെര്‍ഫോം ചെയ്യാനും മോഹന്‍ലാലിന് സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലമായി അത് തുടരുകയാണെന്നും അദ്ദേഹം പറയുന്നു.

നര്‍ത്തകനായും മല്ലയുദ്ധം ചെയ്യുന്ന കഥാപാത്രമായും മാറുമ്പോള്‍ ശരീരം അതിനനുസരിച്ച് ഫ്‌ളെക്‌സിബിളാക്കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നും വിനീത് പറഞ്ഞു. എല്ലാ കാര്യവും വളരെ വേഗത്തില്‍ പഠിച്ചെടുക്കാനുള്ള കഴിവ് മോഹന്‍ലാലിനുണ്ടെന്നും താരം പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘ലാലേട്ടന്‍ ഇപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുകയാണ്. ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം എളുപ്പത്തില്‍ മാറുകയും അത് കഴിഞ്ഞാല്‍ പുറത്തുകടക്കുകയും ചെയ്യുന്നുണ്ട്. അത് അധികം ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ഓരോ ക്യാരക്ടറിലേക്കും സ്വിച്ച് ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള ബോഡി ലാംഗ്വേജ് കൊണ്ടുവരാന്‍ ലാലേട്ടന് സാധിക്കും.

അതിപ്പോള്‍ ഡാന്‍സറായാല്‍ അതിനനുസരിച്ചുള്ള ബോഡി ലാംഗ്വേജ്, റെസ്‌ലറാണെങ്കില്‍ അതുപോലെ ബിഹേവ് ചെയ്യുക എന്നത് അസാധ്യമായിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ മലൈക്കോട്ടൈ വാലിബന്‍ കണ്ടാല്‍ പുള്ളി ശരിക്കും അത് പഠിച്ചിട്ടുണ്ടോ എന്ന് തോന്നിപ്പോകും. അത്രമാത്രം പെര്‍ഫക്ടായിട്ടാണ് പോര്‍ട്രേ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അപാരമായ സിദ്ധിയാണ് ആ സിനിമ.

എല്ലാം പഠിച്ചെടുക്കാന്‍ ലാലേട്ടന് നല്ല ഇഷ്ടമാണ്. കഥകളിക്കാരന്റെ റോളാണെങ്കില്‍ അതിലെ ടോപ്പായിട്ടുള്ള ആളുകളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കും. ഷോട്ടിന്റെ ഗ്യാപ്പില്‍ നമ്മളോട് സംസാരിക്കുമ്പോള്‍ ഏതെങ്കിലും വലിയ മാസ്റ്ററെക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കും. അവരെക്കുറിച്ചൊക്കെ ഒരുപാട് അറിഞ്ഞ് വെച്ചിട്ടുളളയാളാണ് ലാലേട്ടന്‍. ജീനിയസാണ് അദ്ദേഹം,’ വിനീത് പറയുന്നു.

Content Highlight: Vineeth about Mohanlal’s flexibility in Malaikkottai Vaaliban movie

We use cookies to give you the best possible experience. Learn more