| Wednesday, 30th July 2025, 5:52 pm

വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമ; ശരിക്കും കരഞ്ഞുപോയി: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. മഴവില്ല് മനോരമയില്‍ സംപ്രേഷണം ചെയ്ത നായികാ നായകന്‍ എന്ന ടാലന്റ്-ഹണ്ട് ടെലിവിഷന്‍ ഷോയില്‍ നിന്നാണ് വിന്‍സി സിനിമ ലോകത്തേക്ക് ചേക്കേറിയത്. വികൃതിക്ക് ശേഷം നിരവധി സിനിമകളില്‍ അവര്‍ ഭാഗമായിരുന്നു. ജനഗണമന, കനകം കാമിനി കലഹം തുടങ്ങിയ സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രം കൈകാര്യം ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തു. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് തേടിവന്ന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി.

രേഖ സിനിമയുടെ അവസാന ദിവസത്തെ ഷൂട്ട് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ പറഞ്ഞിരുന്നു അവാര്‍ഡ് ഉറപ്പാണെന്ന്. ഞാനും പ്രതീക്ഷിച്ചു. വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് രേഖ’. ഫൈറ്റും ഇന്റിമേറ്റ് സീനുകളുമൊക്കെ ഉണ്ടായിരുന്നു. സിനിമ വിജയിക്കണമെന്നും കഥാപാത്രം ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിച്ചു. പക്ഷേ, സിനിമ വേണ്ടത്ര വിജയിച്ചില്ല. ശരിക്കും കരഞ്ഞുപോയി.

സിനിമ ഒടി.ടി.യില്‍ എത്തിയപ്പോള്‍ നല്ല അഭിപ്രായം വന്നെങ്കിലും എന്തോ ഒരു കുറവ് തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും അവാര്‍ഡ് ലഭിച്ചതോടെ സങ്കടങ്ങളെല്ലാം മാറിയെന്നും നടി പറയുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അതെന്നും വിന്‍സി പറഞ്ഞു. രേഖയെ കുറിച്ച് സംസാരിച്ച അവര്‍ തന്നെ സ്വാധീനിച്ച കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി. സിനിമയില്‍ ആരോടും തനിക്ക് ഇതുവരെ ആരാധന തോന്നിയിട്ടില്ലെന്നാണ് വിന്‍സി പറയുന്നത്.

‘എന്നാല്‍ ടേക് ഓഫ് സിനിമയിലെ പാര്‍വതിയുടെ സമീറ എന്ന കാരക്ടര്‍ ഇഷ്ടമാണ്. കോളേജില്‍ പഠിക്കുമ്പോഴാണ് ആ സിനിമ കാണുന്നത്. ഗ്ലാമര്‍, സ്റ്റാര്‍ഡം എന്നിവയ്ക്കപ്പുറം അഭിനയത്തിന്റെ ആഴം, ഫീല്‍ എല്ലാം മനസ്സിലാക്കിത്തന്ന കഥാപാത്രമായിരുന്നു അത്,’വിന്‍സി പറഞ്ഞു.

content Highlight: Vincy Aloshious  talks about the moment she won the Best Actress award

We use cookies to give you the best possible experience. Learn more