| Wednesday, 30th July 2025, 8:13 am

വീഡിയോ ചെയ്തതുവരെ എല്ലാം ശരി, പിന്നെ സമ്മര്‍ദങ്ങള്‍ ഉണ്ടായി: വിന്‍സി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോഡ്ഫാദര്‍ ആരുമില്ലാതെ സിനിമയിലേക്ക് എത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. വളരെ കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ വിന്‍സിക്ക് കഴിഞ്ഞു. രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വിന്‍സി സ്വന്തമാക്കി.

താന്‍ അവകാശത്തെ കുറിച്ച് ബോധ്യമുള്ള ആളാണെന്നും ജീവിതം നല്‍കിയ പക്വത ആയിരിക്കാം അതിന് കാരണമെന്നും വിന്‍സി അലോഷ്യസ് പറയുന്നു. ജീവിതത്തില്‍ പലതരം ആളുകളുമായിട്ട് ഇടപഴകേണ്ടിവരുമെന്നും നല്ല രീതിയിലും മോശമായും പ്രതികരിക്കുന്നവരുണ്ടാകുമെന്നും തെറ്റ് പറ്റാത്ത മനുഷ്യരില്ലല്ലോയെന്നും വിന്‍സി പറഞ്ഞു.

‘ഒരാള്‍ക്കെതിരെ നിലപാടെടുക്കുമ്പോള്‍ അത് ആ വ്യക്തിയെ മാത്രമല്ല അവരുമായി ബന്ധപ്പെട്ടവരെയും ബാധിച്ചേക്കാം. അതോര്‍ക്കുമ്പോള്‍ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും. കര്‍മ എന്നൊക്കെ പറയാറില്ലേ, അത് എന്റെ ജീവിതത്തില്‍ ഒത്തിരി ഉണ്ടായിട്ടുണ്ട്. നമ്മള്‍ എന്ത് ചെയ്യുന്നോ അത് തിരിച്ചു കിട്ടും. അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്,’ വിന്‍സി പറയുന്നു.

സൂത്രവാക്യം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും വിന്‍സി സംസാരിച്ചു. ആരില്‍ നിന്നാണോ മോശം അനുഭവം ഉണ്ടായത് ആ വ്യക്തിക്കൊപ്പം അഭിനയിക്കില്ല എന്ന് താന്‍ തീരുമാനം എടുത്തിരുന്നുവെന്നും തന്റെ ഭാഗം വ്യക്തമാക്കി താന്‍ വീഡിയോ ചെയ്തത് വരെ ശരിയായിരുന്നുവെന്നും വിന്‍സി പറയുന്നു. എന്നാല്‍ പിന്നീട് പലതരം സമ്മര്‍ദങ്ങളുണ്ടായെന്നും അതിന്റെ ഭാഗമായാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി കൊടുത്തതെന്നും അത് വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഷൈന്‍ ടോം ചാക്കോയുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് വിന്‍സി പറഞ്ഞു. മനസുകൊണ്ട് താനും ഷൈനും പരസ്പരം മാപ്പുചോദിച്ച് കഴിഞ്ഞുവെന്നും ഷൈന്‍ ഒരുപാട് മാറിയെന്നും വിന്‍സി പറയുന്നു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം തുറന്നുപറയുകയും ചെയ്തുവെന്നും നടി വ്യക്തമാക്കി. ഒരുപാട് ആളുകളുടെ അധ്വാനമാണ് സിനിമയെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ അതിനെ ബാധിക്കുന്നത് ശരിയല്ലെന്നും വിന്‍സി പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്‍സി അലോഷ്യസ്.

Content Highlight: Vincy Aloshious Talks About Issues With Shine Tom Chacko

We use cookies to give you the best possible experience. Learn more