| Thursday, 31st July 2025, 7:42 am

അഹങ്കാരം തലക്ക് പിടിച്ച സമയം; ഇന്റിമേറ്റ് സീനുള്ളതിനാല്‍ ചെയ്യേണ്ടെന്ന് തോന്നി: വിന്‍സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി അവാര്‍ഡ് സ്വന്തമാക്കിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു ഇത്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത സിനിമയില്‍ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഈ സിനിമ ആദ്യം നടി വിന്‍സി അലോഷ്യസിനെയും തേടി എത്തിയിരുന്നു. എന്നാല്‍ വിന്‍സി അതിലെ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സിനിമയോട് നോ പറഞ്ഞില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിന്‍സി അലോഷ്യസ്.

രേഖ സിനിമ ചെയ്ത ശേഷമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. കാന്‍ ഫെസ്റ്റിവലില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയുള്ള സിനിമയാണെന്ന് സൂചനയുണ്ടായിരുന്നു. ഇന്റിമേറ്റ് സീനുകള്‍ ഉള്ളതിനാല്‍ ചെയ്യേണ്ടെന്ന് തോന്നി. രേഖയിലും അത്തരം സീനുകളുണ്ടായിരുന്നു.

മാത്രവുമല്ല ആ സമയത്ത് അല്പം അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്നു. പിന്നീട് ആ സിനിമ വലിയ അംഗീകാരങ്ങള്‍ നേടിയപ്പോള്‍ കൈവിട്ടു കളഞ്ഞല്ലോയെന്ന് തോന്നി. പറഞ്ഞിട്ട് കാര്യമില്ല. ഓരോ അരിമണിയിലും അതിന് അര്‍ഹരായവരുടെ പേര് എഴുതി വെച്ചിട്ടുണ്ടല്ലോ,’ വിന്‍സി അലോഷ്യസ് പറയുന്നു.

വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ഏതാണ് എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. ‘രേഖ തന്നെ’ എന്നായിരുന്നു മറുപടി. താന്‍ ആ സിനിമ ഒത്തിരിത്തവണ കണ്ടിട്ടുണ്ടെന്നും രേഖ ഏറ്റവുമധികം കണ്ടതും താനായിരിക്കുമെന്നും വിന്‍സി പറഞ്ഞു.

മാനസികമായി തളര്‍ന്ന് പോകുമ്പോള്‍ ആ സിനിമ കാണുന്നത് ആശ്വാസം നല്‍കാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒപ്പം വില്‍സ്മിത്ത് അഭിനയിച്ച ദി പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് സന്തോഷം നല്‍കുന്ന സിനിമയാണെന്നും കുമ്പളങ്ങി നൈറ്റ്‌സ് ഏറെ ആസ്വദിച്ചാണ് കണ്ടതെന്നും വിന്‍സി പറയുന്നു.

Content Highlight: Vincy Aloshious Talks About All We Imagine As Light Movie

We use cookies to give you the best possible experience. Learn more