തൻ്റെ പേര് വിൻ സി എന്നാക്കിയതിനെക്കുറിച്ചും അതിൻ്റെ പിന്നിലെ കഥയെക്കുറിച്ചും സംസാരിക്കുകയാണ് വിൻസി അലോഷ്യസ്. മമ്മൂട്ടിയാണ് തനിക്ക് മെസേജ് അയച്ചതെന്ന് വിൻസി പറഞ്ഞിരുന്നു.
‘വിന്‍സിയെന്നുള്ളത് win c ആക്കിയത് മമ്മൂക്കയാണ്. പക്ഷെ അതൊരു വലിയ കഥയാണ്. ഒരു സുഹൃത്താണ് മമ്മൂക്കയുടെ നമ്പര്‍ തന്നത്. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നാട്ടില്‍ നടന്നപ്പോള്‍ ആ വീഡിയോ മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തു, ‘ഹലോ, ഞാന്‍ വിന്‍സിയാണ്’ എന്നും മെസേജ് ഇട്ടു. അതിന് മറുപടിയായി ‘ഓക്കെ Win C’ എന്ന മറുപടിയാണ് വന്നത്,’ വിന്‍സി പറഞ്ഞു.
ആ മെസേജ് കണ്ട് താന്‍ ത്രില്ലടിച്ചെന്നും പിന്നെ ഇന്‍സ്റ്റഗ്രാമിലെ പേര് തന്നെ അങ്ങനെയാക്കി മാറ്റിയെന്നും വിന്‍സി പറയുന്നു.
പിന്നെ ഒരുപാട് കാലത്തിന് ശേഷമാണ് മമ്മൂട്ടിയെ നേരിട്ട് കണ്ടതെന്നും അത് മുമ്പ് ഫിലിം ഫെയര്‍ വേദിയില്‍ അവാര്‍ഡ് വാങ്ങിയപ്പോള്‍ ആയിരുന്നെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. താന്‍ നോക്കിയപ്പോള്‍ മുന്‍ നിരയില്‍ മമ്മൂട്ടി ഉണ്ടായിരുന്നെന്നും വളരെ സന്തോഷത്തോടെയാണ് മെസേജ് അയച്ച കാര്യം താന്‍ മമ്മൂട്ടിയോട് പറഞ്ഞതെന്നും നടി പറഞ്ഞു.
എന്നാല്‍ ഈ കാര്യം കേട്ടപ്പോള്‍ തന്നെ ‘മെസേജോ… എനിക്കോ…’ എന്നാണ് മമ്മൂട്ടി ചോദിച്ചതെന്നും വിന്‍സി പറയുന്നു. ഇത്രയും കാലം മെസേജ് അയച്ചത് മമ്മൂട്ടിക്ക് അല്ലായിരുന്നു എന്നോര്‍ത്ത് തനിക്ക് വിഷമം ആയിപ്പോയെന്നും സൂത്രവാക്യത്തിന്റെ പ്രമോഷനിടെ ആരോ ഈ കാര്യം ചോദിച്ചപ്പോള്‍ മമ്മൂക്കയ്ക്കാണെന്ന് കരുതി മെസേജ് അയച്ച് അബദ്ധം പറ്റിയ കാര്യം പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘എന്നാല്‍ ഇന്റര്‍വ്യൂ വന്ന് കുറച്ച് ദിവസം കഴിഞ്ഞ് അതേ നമ്പരില്‍ നിന്നു വീണ്ടും മെസേജ്, ‘Keep Win C itself’ എന്ന്. ‘ആളെ പറ്റിച്ചല്ലേ’ എന്ന് മറുപടിയും അയച്ചു,’ വിന്‍സി പറഞ്ഞു.
തനിക്ക് പിന്നെയും സംശയം ആയിപ്പോയെന്നും താന്‍ മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജിനെ വിളിച്ചു തിരക്കിയെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. നമ്പര്‍ മമ്മൂട്ടിയുടെ തന്നെയാണെന്ന് ഉറപ്പിച്ച് മാനേജര്‍ പറഞ്ഞെന്നും അതോടെ താന്‍ ശരിക്കും ഹാപ്പിയായെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അവര്‍.
മുമ്പ് മറ്റൊരു അഭിമുഖത്തില്‍ തനിക്ക് അറിയുന്ന ഒരാള്‍ മമ്മൂട്ടിയുടെ നമ്പര്‍ എന്നുപറഞ്ഞ് ഒരു നമ്പര്‍ തന്നെന്നും താന്‍ ആ നമ്പറിലേക്ക് മെസേജ് അയച്ചെന്നും വിന്‍സി പറഞ്ഞിരുന്നു. വിന്‍ സി എന്നുപറഞ്ഞ് തനിക്ക് മറുപടി കിട്ടിയെന്നും തനിക്കും അങ്ങനെ വിളിച്ച് കേള്‍ക്കാന്‍ ഇഷ്ടമായതുകൊണ്ടാണ് താന്‍ ആ പേര് ആക്കി മാറ്റിയതെന്നും വിന്‍സി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മമ്മൂട്ടിക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlight: Vincy Aloshious talking about Win C Name Change