| Tuesday, 23rd December 2025, 12:30 pm

ധുരന്ധറിന് മുന്നേ വിനയന്‍ ഈ സീന്‍ വിട്ടതാ, പാകിസ്ഥാന്‍ ജനറല്‍ വരെ മലയാളം സംസാരിച്ച വാര്‍ ആന്‍ ലൗ വീണ്ടും വൈറല്‍

അമര്‍നാഥ് എം.

രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധര്‍ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ധുരന്ധര്‍ മാറിക്കഴിഞ്ഞു. പാകിസ്ഥാനിലെ അധോലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി എത്തുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ധുരന്ധര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും ധുരന്ധര്‍ ട്രെന്‍ഡായി മാറി.

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തുന്ന ചാരന്മാരെന്ന ടോപ്പിക്കില്‍ നിരവധി റീലുകളാണ് പുറത്തുവരുന്നത്. ട്രോളിന്റെ രൂപത്തിലെത്തിയ റീലുകള്‍ക്കെല്ലാം വന്‍ റീച്ച് ലഭിക്കുന്നുണ്ട്. എന്നാല്‍ ധുരന്ധറിന് മുമ്പ് ഈ സീന്‍ മലയാള സിനിമ വിട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോള്‍. വിനയന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ വാര്‍ ആന്‍ഡ് ലൗവാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

ഇന്ത്യന്‍ പട്ടാളക്കാരെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോകുന്ന കഥ പറഞ്ഞ ചിത്രം അന്ന് വലിയ വിജയമാകാതെ പോയി. പില്‍ക്കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുകയായിരുന്നു. ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിച്ച ക്യാപ്റ്റന്‍ വിജയന്‍ എന്ന കഥാപാത്രമാണ് ട്രോളന്മാരുടെ പ്രധാന ഇര.

പാകിസ്ഥാന്‍ പട്ടാളക്കാരുടെ കൈയില്‍ നിന്ന് രക്ഷപ്പെടുന്ന ക്യാപ്റ്റന്‍ വിജയ് പിന്നീട് തീവ്രവാദികളുടെ ഗ്രൂപ്പില്‍ എത്തിപ്പെടുകയും പിന്നീട് കൂടെയുള്ള പട്ടാളക്കാരെ ഒളിപ്പിച്ചുവെച്ച ജയിലിലേക്ക് വിജയന്‍ എത്തുകയും ചെയ്യുന്നു. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ തീവ്രവാദിയായി അഭിനയിക്കുന്ന വിജയരാഘവന്റെ കഥാപാത്രം ട്രോള്‍ മെറ്റീരിയലായി മാറി. വിജയരാഘവന്റെ സെക്കന്‍ഡ് ഇന്‍ട്രോ സീനിന് ‘ഫസ്റ്റ് ഡേ ആസ് എ സ്‌പൈ ഇന്‍ പാകിസ്ഥാന്‍’ എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചത്.

ചിത്രത്തിലെ മറ്റ് രംഗങ്ങളും ചര്‍ച്ചയാകുന്നുണ്ട്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ പ്രധാന വില്ലനായ പാകിസ്ഥാന്‍ ജനറല്‍ ജാഫര്‍ ഖാന്‍ വരെ മലയാളം പറയുന്നുണ്ട്. ക്ലൈമാക്‌സ് ഫൈറ്റില്‍ പ്രഭുവിന്റെ കഥാപാത്രം മുകേഷ് ഋഷി അവതരിപ്പിച്ച ജാഫര്‍ ഖാനോട് സംസാരിക്കുന്ന സീനിന്റെ പ്ലെയിന്‍ മീമും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

വിനയന്റെ കരിയറില്‍ ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു വാര്‍ ആന്‍ഡ് ലവ്. ദിലീപ്, പ്രഭു, ലൈല, ഇന്ദ്രജ, കലാഭവന്‍ മണി, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍ തുടങ്ങി വന്‍ താരനിരയായിരുന്നു വാര്‍ ആന്‍ഡ് ലവില്‍ അണിനിരന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും സോഷ്യല്‍ മീഡിയ എറ്റെടുത്തതാണ് പ്രധാന ചര്‍ച്ച.

Content Highlight: Vinayan’s War and Love movie viral after Dhurandhar

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more