| Friday, 3rd October 2025, 12:17 pm

ആ നടി ദിവ്യ ഉണ്ണിയല്ല; കലാഭവൻ മണിയെ അപമാനിച്ച നടിയെക്കുറിച്ച് വിനയന്റെ വെളിപ്പെടുത്തൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി ദിവ്യ ഉണ്ണിക്കെതിരെ നിലനിൽക്കുന്ന ആരോപണം ആയിരുന്നു അന്തരിച്ച നടൻ കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞുവെന്നത്. സിനിമയിൽ നിന്നും വിട്ടുനിന്ന് വർഷങ്ങളായിട്ടും ആ വിവാദം ദിവ്യ ഉണ്ണിയെ വിട്ടുപോയിരുന്നില്ല.

വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ മണിക്കൊപ്പം പ്രണയരംഗം ഉള്ളതിനാൽ ചിത്രത്തിൽ അഭിനയിക്കില്ലെന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയാകാൻ താനില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞുവെന്നുമായിരുന്നു ആരോപണം. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.

മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടി ദിവ്യ ഉണ്ണിയല്ലെന്നാണ് വിനയൻ പറഞ്ഞത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ അല്ല വിവാദത്തിന് ആസ്പദമായ സംഭവം നടന്നത് എന്നും അത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലാണെന്നുമാണ് വിനയൻ പറയുന്നത്. എന്നാൽ ആ നടി ഏതാണെന്ന് വിനയൻ വെളിപ്പെടുത്തിയില്ല. ആ നടിയുടെ പേര് താനിതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.

കല്യാണ സൗഗന്ധികത്തിൽ മണിയുമായി പ്രണയരംഗമുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്ന് അസിസ്‌ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ‘ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല, എന്റെ ഹീറോ ദിലീപ് ചേട്ടനാണ്’ എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി കലാഭവൻ മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നുവെന്നും അക്കാര്യം ശരിയായിരുന്നുവെന്നും വിനയൻ പറയുന്നു.

എന്നാൽ ദിലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്ക് വന്ന കൗമാരക്കാരിയുടെ ആകാംക്ഷയായിട്ടാണ് താൻ അതിനെ കണ്ടത്. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ കാര്യം പറഞ്ഞ് മനസിലാക്കി. കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്ക് നായികയെ അന്വേഷിച്ചപ്പോൾ തനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം വന്നു.

വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ട് അറിയിച്ച നടി ദിവ്യ ഉണ്ണി അല്ല. ആ സിനിമയിൽ അഭിനയിക്കാൻ ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം താൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം അറിയാൻ വേണ്ടിയാണ് താനിക്കാര്യം എഴുതിയതെന്നും വിനയൻ പറഞ്ഞു.

ഇന്നലെ സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ കല്യാണ സൗഗന്ധികം എന്ന ചിത്രത്തെക്കുറിച്ച് വിനയൻ പോസ്റ്റിട്ടിരുന്നു. താൻ സംവിധാനം ചെയ്ത കോമഡി ചിത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് കല്യാണ സൗഗന്ധികം എന്നാണ് വിനയൻ കുറിച്ചത്. ഇതിന് ഒരാൾ ഇട്ട കമന്റിന് മറുപടിയായാണ് വിനയന്റെ വെളിപ്പെടുത്തൽ

Content Highlight: Vinayan’s revelation about the actress who insulted Kalabhavan Mani is not Divya Unni

We use cookies to give you the best possible experience. Learn more