| Wednesday, 1st October 2025, 9:12 am

ലോകഃയെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകള്‍ ആ സിനിമക്കെതിരെ ഞാന്‍ സംസാരിച്ചെന്നാക്കി: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ 30 ദിവസങ്ങള്‍ക്ക് ശേഷവും മികച്ച മുന്നേറ്റം നടത്തി മലയാളത്തിലെ സര്‍വകാല വിജയത്തിലേക്ക് കുതിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പണംവാരിചിത്രമായി മാറി. മലയാളത്തിലെ ആദ്യ 300 കോടി ചിത്രമായി ലോകഃ മാറുമെന്നാണ് കരുതുന്നത്.

ലോകഃ എന്ന ചിത്രത്തിന്റെ കഥ തന്റെ മനസിലുണ്ടായിരുന്നെന്നും അത് അടിച്ചുമാറ്റിയെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞതായി മലയാളത്തിലെ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, തന്റെ വാക്കുകള്‍ പലര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.

താന്‍ ലോകഃ സിനിമയെ അഭിനന്ദിച്ചതാണെന്ന് പറഞ്ഞുകൊണ്ടാണ് വിനയന്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത കണ്ട് ചിലരെങ്കിലും താന്‍ ആ സിനിമക്കെതിരെ സംസാരിച്ചതായി വ്യാഖ്യാനിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ താന്‍ ആ സിനിമ ആസ്വദിച്ചാണ് കണ്ടതെന്നും അതിനെ അഭിനന്ദിച്ചതാണെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ കാലത്തെ സിനിമ ഇതുപോലെയാകണമെന്നും അതുപോലൊരു ഹൊറര്‍ സിനിമയുടെ ത്രെഡ് തന്റെ മനസിലും ഉണ്ടായിരുന്നെന്ന് പറയുന്നത് മോശമായി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസിലുള്ളത് അടിച്ചുകൊണ്ട് പോകുന്നത് മോഷണമല്ലല്ലോ എന്നും വിനയന്‍ ചോദിക്കുന്നു. ലോകഃയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കിക്കൊണ്ടാണ് വിനയന്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

വിനയനെ അനുകൂലിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടും പലരും കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ‘ഇത്തരം ആശയങ്ങള്‍ മലയാളസിനിമയില്‍ ആദ്യം അവതരിപ്പിച്ചത് താങ്കളാണ്, അഭിമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്,’ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കുത്തിത്തിരുപ്പ് തുടങ്ങി നിരവധി കമന്റുകള്‍ കാണാനാകുന്നുണ്ട്.

അഞ്ച് ഭാഗങ്ങളുള്ള സിനിമാ ഫ്രാഞ്ചൈസിലെ ആദ്യ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കല്യാണിക്ക് പുറമെ നസ്‌ലെനും ലോകഃയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. രണ്ടാം ഭാഗത്തില്‍ ടൊവിനോയാണ് നായകനായി വേഷമിടുന്നത്.

Content Highlight: Vinayan explains his words said about Lokah movie

We use cookies to give you the best possible experience. Learn more