| Wednesday, 11th February 2026, 8:59 am

മമ്മൂക്ക വിളിച്ച് അടുത്തിരുത്തിയാല്‍ മുള്ളില്‍ ഇരിക്കുന്നത് പോലെ തോന്നും; രജിനിസാറുമായി എനിക്ക് ആത്മബന്ധമുണ്ട്: വിനായകന്‍

ഐറിന്‍ മരിയ ആന്റണി

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് വിനായകന്‍. സഹനടനായും നായകനായും വില്ലനായും മലയാളത്തില്‍ തന്റേതായ ഇടം നേടിയ വിനായകന്‍ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രജിനികാന്ത് ചിത്രം ജെയ്‌ലറിലെ വര്‍മന്‍ എന്ന കഥാപാത്രം പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു.

ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കളങ്കാവലാണ് വിനായകന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ചിത്രം മികച്ച വിജയം നേടി.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രജിനികാന്തും മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് വിനായകന്‍.

‘രജനിസാറുമായി സംസാരിക്കുകയെന്ന് പറഞ്ഞാല്‍ നമ്മള്‍ അദ്ദേഹത്തിന്റെ അടുത്തേക്കെത്തണ്ടേ. എന്നാലല്ലേ സംസാരിക്കാന്‍ പറ്റൂ. അദ്ദേഹം സിനിമാസെറ്റില്‍ വെച്ച് എനിക്ക് രണ്ടുമൂന്ന് കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. അതെന്താണെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അദ്ദേഹവുമായി വളരെ നല്ല ബന്ധത്തിലാണ്. പലതുമുണ്ട് അതേക്കുറിച്ച് പറയാന്‍. ഒരു സന്ന്യാസിവര്യനെപ്പോലെയാണ് അദ്ദേഹം എന്നുമാത്രം പറയുന്നു. വലിയൊരു മനുഷ്യന്‍,’ വിനായകന്റെ വാക്കുകള്‍

മമ്മൂട്ടി ശരിക്കും തകര്‍ക്കുകയാണെന്നും വലിയ തമാശക്കാരനാണെന്നും വിനായകന്‍ പറയുന്നു. എന്നാലും നമ്മുടെ മനസില്‍ ഒരു ബഹുമാനം തോന്നുമെന്നും ദൂരെ മാറിനിന്ന നമ്മളെ വിളിച്ച് അദ്ദേഹം അടുത്തിരുത്തിയാലും മുള്ളില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുകയെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയോട് ഉള്ളില്‍ അത്രയേറെ ബഹുമാനമുണ്ടെന്നും നടന്‍ പറഞ്ഞു.

വരാന്‍ പോകുന്ന പ്രൊജക്ടുകളെ കുറിച്ചും വിനായകന്‍ സംസാരിച്ചു. പ്രദര്‍ശനത്തിനൊരുങ്ങുന്ന രണ്ടുമൂന്ന് സിനിമകളുണ്ടെന്നും ആട് മൂന്നിന്റെ ചിത്രീകരണം പുരോഗമിക്കുകയാണണെന്നും അദ്ദേഹം പറയുന്നു. പുതിയൊരു തമിഴ് സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും താന്‍
തമിഴ് സിനിമ ചെയ്തിട്ട് കുറക്കാലമായെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് വിനായകന്‍ പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപാടം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരവും നടന്‍ സ്വന്തമാക്കി.

Content Highlight: Vinayakan talks about Mammootty and Rajinikanth

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more