| Wednesday, 11th February 2026, 6:00 pm

ജിതിന്‍ എന്റെ കയ്യും കാലും കെട്ടിയിട്ടുകളഞ്ഞു, അനങ്ങാന്‍ സമ്മതിച്ചിട്ടില്ല; കളങ്കാവലിലെ അഭിനയത്തെ കുറിച്ച് വിനായകന്‍

അശ്വിന്‍ രാജേന്ദ്രന്‍

വ്യത്യസ്തമായ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളാല്‍ എപ്പോഴും വേറിട്ട് നില്‍ക്കുന്ന ചലച്ചിത്ര മേഖലയാണ് മലയാളത്തിന്റേത്. താരങ്ങളുടെ വലിപ്പ ചെറുപ്പമില്ലാതെ കഥക്ക് പ്രാധാന്യം നല്‍കുന്ന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ലോകത്തിന് മുമ്പില്‍ മലയാള ചിത്രങ്ങളുടെ ഗ്രാഫ് വലിയ രീതിയില്‍ ഉയര്‍ത്തുന്നു. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സമീപ കാലത്ത് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം കളങ്കാവല്‍.

കളങ്കാവല്‍. Photo: Moneycontrol

ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായനായ മമ്മൂട്ടി തന്റെ താരമൂല്ല്യത്തിന് വിലകല്പിക്കാതെ സ്റ്റാന്‍ലി ദാസ് എന്ന കൊടും കുറ്റവാളിയായി വേഷമിട്ട ചിത്രം വമ്പന്‍ വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ വിനായകന്‍ നായക വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച ത്രില്ലര്‍ അനുഭവമാണ് സമ്മാനിച്ചത്.

തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വിനായകന്റെ പ്രകടനത്തിന് എന്നാല്‍ ഒ.ടി.ടി റിലീസിനെത്തിയ ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ നത്തെന്ന പൊലീസുകാരനായി എത്തിയ വിനായകന്റെ വളരെ നിയന്ത്രിതമായ അഭിനയ രീതിയായിരുന്നു ഇതിന് കാരണം. സംവിധായകന്റെ നിര്‍ദേശത്താല്‍ ഇത്തരത്തില്‍ ഒരു അഭിനയശൈലി പിന്തുടര്‍ന്നതുമായി ബന്ധപ്പെട്ട് വിനായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

സാധാരണ അഭിനയിച്ച ചിത്രങ്ങളില്‍ വളരെ ലൗഡായിട്ടുള്ള കഥാപാത്രങ്ങളാണ് താന്‍ കൈകാര്യം ചെയ്യാറുള്ളതെന്നും എന്നാല്‍ ഇതിലെ ശരീര ഭാഷ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നുവെന്നും വിനായകന്‍ പറയുന്നു. സംവിധായകന്‍ ജിതിന്‍ കെ ജോസിന്റെ നിര്‍ദേശ പ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും കൂടുതലൊന്നും ചെയ്യേണ്ടെന്നും പറയുന്നത് ചെയ്താല്‍ മതിയെന്നുമായിരുന്നു തന്നോട് പറഞ്ഞതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ കമ്മ്യൂണിക്കേഷന്‍ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ബോഡി ലാംഗ്വേജില്‍ നിന്നും മാറിപോയാല്‍ ഉടന്‍ തന്നെ ജിതിന്‍ അനങ്ങല്ലേ എന്ന് പറയും. അങ്ങനെ പിടിച്ചു നിര്‍ത്തി ഒരേ ലൈനില്‍ ആ കഥാപാത്രം ചെയ്യേണ്ടി വന്നു. ജിതിന്‍ എന്റെ കൈയും കാലും കെട്ടിയിട്ടു കളഞ്ഞു എന്ന് പറയാം. അനങ്ങാന്‍ സമ്മതിച്ചില്ല. അതുകൊണ്ട് തന്നെ ഞാന്‍ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥാപാത്രമായിരുന്നു കളങ്കാവലിലേത് എന്ന പറയാം,’ വിനായകന്‍ പറഞ്ഞു.

വിനായകന്‍ മമ്മൂട്ടിക്കൊപ്പം കളങ്കാവല്‍ സെറ്റില്‍. Photo: Ott play

ചിത്രത്തില്‍ താനാണ് നായകനാണെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കൂടെ അഭിനയിച്ച ജിബിന്‍ ഗോപിനാഥിനും തനിക്കും വലിയ അവസരമാണ് ലഭിച്ചതെന്നും മമ്മൂട്ടി കമ്പനിയെന്ന പ്രൊഡക്ഷന്‍ കമ്പനിയാണെന്നും താരം പറഞ്ഞു. ചിത്രത്തില്‍ അഭിനേതാക്കളായി വളരെ കുറച്ച് പേര്‍ മാത്രമാണ് ഉള്ളതെങ്കിലും എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Vinayakan talks about his acting in Kalamkaaval

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more