അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത് വിരുദ്ധ പരാമര്‍ശത്തിനെതിരെ നടന്‍ വിനായകന്‍. കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റ് കേരളം മുഴുവന്‍ ചര്‍ച്ചയായിരുന്ന. പോസ്റ്റില്‍ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഗായകന്‍ യേശുദാസിനെതിരെയും കടുത്ത വിമര്‍ശനമാണ് വിനായകന്‍ പോസ്റ്റില്‍ പങ്കുവെച്ചത്. വിനായകനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് തുടര്‍ച്ചയെന്നോണം വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകന്‍. ഇരുവരും മുമ്പ് പറഞ്ഞ കാര്യങ്ങളാണ് വിനായകന്‍ പോസ്റ്റില്‍ പങ്കുവെച്ചത്. ശരീരത്തില്‍ ഒന്നും തന്നെ അസഭ്യമല്ല എന്നിരിക്കെ ജീന്‍സും ലെഗ്ഗിന്‍സും ധരിക്കുന്ന സ്ത്രീകളെ കുറ്റം പറഞ്ഞ യേശുദാസിന്റെ പരാമര്‍ശം അസഭ്യമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് വിനായകന്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
ചാലയിലെ തൊഴിലാളികള്‍ തിയേറ്ററിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയത് സെക്‌സ് സീന്‍ കാണാന്‍ വേണ്ടിയാണെന്നും അത് പ്രതിരോധിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് ഏര്‍പ്പാടാക്കിയതെന്നുമുള്ള അടൂരിന്റെ പരാമര്‍ശം അസഭ്യമല്ലേയെന്നും വിനായകന്‍ ചോദിക്കുന്നുണ്ട്. വെള്ളയിട്ട് യേശുദാസ് പറയുമ്പോഴും ജുബ്ബ ധരിച്ച് അടൂര്‍ പറയുമ്പോഴും അതെല്ലാം അസഭ്യമാകാതിരിക്കുമോ എന്നും വിനായകന്‍ ചോദിക്കുന്നു.
ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ ഒന്നരക്കോടി കൊടുത്താല്‍ അവര്‍ അതില്‍ നിന്ന് കട്ടെടുക്കും എന്ന് അടൂര്‍ പറയുന്നത് അസഭ്യമല്ലേയെന്നും താരം പോസ്റ്റില്‍ കുറിച്ചു. സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് തിരിച്ച് പച്ച മലയാളത്തില്‍ മറുപടി പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് വിനായകന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞദിവസം നടന്ന ചലച്ചിത്ര കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കവിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ നല്‍കുന്ന ഫണ്ടിനെക്കുറിച്ച് അടൂര്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. ഫണ്ട് നല്‍കുന്നതിന് മുമ്പ് അവര്‍ക്കെല്ലാം സിനിമയെടുക്കാനുള്ള പരിശീലനം നല്‍കണമെന്നും ഒന്നരക്കോടിക്ക് പകരം 50 ലക്ഷം നല്‍കണമെന്നുമാണ് അടൂര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. അടൂരിന്റെ പരാമര്‍ശത്തെ വേദിയില്‍ വെച്ച് തന്നെ ഗായികയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ പുഷ്പവതി ചോദ്യം ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി സജി ചെറിയാന്‍ അടൂരിന്റെ വാക്കുകള്‍ക്ക് അപ്പോള്‍ തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Vinayakan shares a post criticizing Adoor Gopalakrishnan and Yesudas