മാര്‍ച്ച് 19ന് തിയേറ്ററുകളില്‍ ഷാജി പാപ്പന്റെയും കൂട്ടുകാരുടെയും വരവിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ഒമ്പത് വര്‍ഷത്തിന് ശേഷം ആടിന്റെ അടുത്ത ഭാഗം റിലീസിനൊരുങ്ങുമ്പോള്‍ എല്ലാവരും ഒരുപോലെ ത്രില്ലിലാണ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായാണ് തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന് മൂന്നാം ഭാഗമൊരുങ്ങുന്നത്.
ഓരോ കഥാപാത്രത്തിനും സെപ്പറേറ്റ് ഇന്‍ട്രോ ബി.ജി.എം നല്‍കി അവതരിപ്പിച്ചതായിരുന്നു ആടിന്റെ പുതുമ. ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബെയ്‌സുമുണ്ട്. ജയസൂര്യയുടെ ഷാജി പാപ്പനും വിനായകന്റെ ഡ്യൂഡും സണ്ണി വെയ്‌നിന്റെ സാത്താന്‍ സേവ്യറുമെല്ലാം ആടിലെ ഫേവറെറ്റ് കഥാപാത്രങ്ങളാണ്. ഷാന്‍ റഹ്‌മാന്‍ ഓരോ കഥാപാത്രത്തിനും നല്‍കിയ ബി.ജി.എമ്മും ഹൈലൈറ്റാണ്.
ഇപ്പോഴിതാ ആടിന്റെ കഥ കേട്ട സമയത്ത് തനിക്ക് ഇഷ്ടമായ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍. ഡ്യൂഡ് എന്ന കഥാപാത്രത്തെയാണ് തനിക്ക് തന്നതെങ്കിലും മറ്റൊരു കഥാപാത്രം ചെയ്യാനായിരുന്നു ആഗ്രഹമെന്ന് വിനായകന്‍ പറഞ്ഞു. ആട് 3യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഥ മുഴുവന്‍ കേട്ടപ്പോള്‍ എനിക്ക് അറക്കല്‍ അബുവിന്റെ കഥാപാത്രം ചെയ്യാനായിരുന്നു ആഗ്രഹം. ഡ്യൂഡിനെക്കാള്‍ കിടിലന്‍ ക്യാരക്ടര്‍ അതാണെന്ന് വിചാരിച്ചു. മിഥുനോട് ഞാന്‍ ഇത് പറയുകയും ചെയ്തു. അറക്കല്‍ അബുവിന്റെ റോള്‍ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. പക്ഷേ, അയാള്‍ അതിന് സമ്മതിച്ചില്ല. എന്നോട് ഡ്യൂഡ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു.
അങ്ങനെയാണ് ഡ്യൂഡിനെ ഞാനും അബുവിനെ സൈജുവും അവതരിപ്പിച്ചത്. ഇപ്പോള്‍ അത് മാറാന്‍ പറ്റാത്ത അവസ്ഥയാണ്. അത്രമാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ ഇടയില്‍ രജിസ്റ്ററായിക്കഴിഞ്ഞു. ഇപ്പോള്‍ തേര്‍ഡ് പാര്‍ട്ട് വരെ എത്തിനില്‍ക്കുകയാണ് ആട് ഫ്രാഞ്ചൈസി. ഈ പടത്തിലാണെങ്കില്‍ കുതിരയെ ഓടിക്കുന്ന സീനുണ്ട്. ഞാനും ജയനുമൊക്കെ അത് ചെയ്തു. പക്ഷേ, കുതിരയുടെ പരിസരത്ത് വരാത്ത ആള്‍ക്കാരായിരുന്നു ഇതിന്റെ പ്രൊഡ്യൂസറും നോബിയും ബാക്കി ടീമുകളും,’ വിനായകന്‍ പറഞ്ഞു.
മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഴോണര്‍ ഷിഫ്റ്റ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. രണ്ട് കാലഘട്ടത്തിലെ കഥയാണ് ആട് 3 പറയുന്നത്. മുന്‍ ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും രംഗപ്രവേശം ചെയ്യുന്നുണ്ട്. ബോളിവുഡ് വമ്പനായ ധുരന്ധര്‍ 2മായിട്ടാണ് ക്ലാഷെങ്കിലും പലരുടെയും ആദ്യ ചോയ്‌സ് ആട് 3 തന്നെയാണ്.
Content Highlight: Vinayakan saying he likes to play the role of Arakkal Abu in Aadu movie