| Saturday, 24th October 2026, 1:35 pm

ഇന്ദ്രന്‍സേട്ടനും ബേബി ജീനുമൊക്കെ ഉണ്ടെങ്കിലും ഈ പടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കാസ്റ്റിങ് അയാളുടേത്: വിനായകന്‍

അമര്‍നാഥ് എം.

ജയസൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ടൈറ്റന്‍സ്. അനുഗ്രഹീതന്‍ ആന്റണിക്ക് ശേഷം പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷന്‍ ഴോണറിലാണ് ഒരുങ്ങുന്നത്. കോമഡിയുടെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജയസൂര്യക്ക് പുറമെ വിനായകനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആന്റണി യാക്കൂസ എന്ന ഗുണ്ടയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കടന്നുവരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. ആട് 3ക്ക് ശേഷം വിനായകനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടൈറ്റന്‍സിനുണ്ട്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍. ചിത്രത്തിന്റെ കഥ കേട്ടതും തനിക്ക് ഇഷ്ടമായെന്നും അങ്ങനെയാണ് ഓക്കെ പറഞ്ഞതെന്നും താരം പറയുന്നു.

പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമായിരുന്നെന്നും അവരുടെ സമീപനം വ്യത്യസ്തമായിരുന്നെന്നും വിനായകന്‍ പറഞ്ഞു. ചിത്രത്തിന്റെ കഥ പറയാന്‍ റൈറ്റര്‍ വന്നപ്പോള്‍ പേടിച്ച് പേടിച്ചാണ് അടുത്തേക്ക് വന്നതെന്നും അദ്ദേഹം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു വിനായകന്‍.

‘എന്റെയടുത്ത് സംസാരിക്കാന്‍ അവര്‍ക്കൊക്കെ പേടിയായിരുന്നു. പ്രിന്‍സ് എന്റെയടുത്ത് വരുമ്പോഴും ശബ്ദം കുറച്ച് മാത്രമേ സംസാരിക്കുള്ളൂ. അവന്‍ ഇതില്‍ ഭയങ്കരമായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. പാവമാണ് അവന്‍. എന്താണ് വേണ്ടതെന്ന കാര്യത്തില്‍ അവന് നല്ല ക്ലാരിറ്റിയുണ്ട്. അത് ഈ സിനിമക്ക് നന്നായി ഗുണം ചെയ്‌തെന്ന് പറയാം.

അതുപോലെ ജയിംസ് എന്ന റൈറ്ററുടെ വിഷനും അപാരമാണ്. ലോകയും മിന്നല്‍ മുരളിയുമൊക്കെ ഇതുപോലെ ഫാന്റസി ഴോണര്‍ എക്‌സ്‌പ്ലോര്‍ ചെയ്ത പടങ്ങളാണ്. പക്ഷേ, ഞാന്‍ ഈ രണ്ട് പടങ്ങളും കണ്ടിട്ടില്ല. ഈ പടത്തിലേക്ക് നോക്കിയാല്‍ ഇതിന്റെ കാസ്റ്റിങ് അടിപൊളിയാണ്. ഇന്ദ്രന്‍സേട്ടനുണ്ട്, ബേബി ജീനുണ്ട് പക്ഷേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാസ്റ്റിങ് നിഹാലിന്റേതാണ്. അവന്‍ ഭയങ്കര ബ്ലെസ്ഡാണ്,’ വിനായകന്‍ പറയുന്നു.

ജയസൂര്യക്കും വിനായകനും പുറമെ ബേബി ജീന്‍, സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര ടൈറ്റന്‍സില്‍ അണിനിരക്കുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം വരുംദിവസങ്ങളില്‍ തിയേറ്ററുകളില്‍ മുന്നേറുമെന്നാണ് കരുതുന്നത്.

Content Highlight: Vinayakan saying he likes Nihal’s casting in Titans movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more