തമിഴിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രമായാണ് ജയിലര്‍ 2വിനെ കണക്കാക്കുന്നത്. രജിനിയുടെ സ്റ്റാര്‍ഡം അതിന്റെ മാക്‌സിമത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാകും ജയിലര്‍ 2വെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 2023ല്‍ പുറത്തിറങ്ങിയ ജയിലര്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിക്കുമുകളില്‍ സ്വന്തമാക്കിയിരുന്നു.
രജിനികാന്ത്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കെതിരെ കട്ട വില്ലനിസം കാഴ്ചവെച്ചത് മലയാളി താരം വിനായകനായിരുന്നു. വര്‍മന്‍ എന്ന കൊടൂര വില്ലനായെത്തിയ വിനായകന്റെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ താനും ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനായകന്‍. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയിലര്‍ 2വില്‍ ഞാനുമുണ്ട്. എന്താണ്, എങ്ങനെയാണ് എന്നൊന്നും എന്നോട് ചോദിക്കരുത്. ആരോടും പറയരുതെന്ന് പ്രത്യകം അവര്‍ പറഞ്ഞേല്പിച്ചിരിക്കുകയാണ്’ വിനായകന്‍ പറഞ്ഞു. പുതിയ ചിത്രമായ കളങ്കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ് വിനായകന്റെ വാക്കുകള്‍.
ചിത്രത്തിലെ ഫ്‌ളാഷ്ബാക്ക് രംഗത്തിലായിരിക്കും വിനായകന്‍ പ്രത്യക്ഷപ്പെടുകയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ ഹീറോയിസത്തിന് വര്‍മന്‍ വീണ്ടും ചെക്ക് വെക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. രജിനി- വിനായകന്‍ ഫേസ് ഓഫ് സീന്‍ ഉണ്ടാകുമോ എന്നാണ് പലരും ചിന്തിക്കുന്നത്.
നിലവില്‍ ഗോവയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുന്നത്. ആദ്യ ഭാഗത്തില്‍ വെറും പത്ത് മിനിറ്റ് കൊണ്ട് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാല്‍ വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മുത്തുവേല്‍ പാണ്ഡ്യനൊപ്പം മാത്യൂസിന്റെയും രണ്ടാംവരവ് തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വിനായകനും കൂടി ഭാഗമാകുന്നതോടെ മലയാളി താരങ്ങളുടെ വലിയൊരു നിര തന്നെയാണ് ജയിലര്‍ 2വിലുള്ളത്. സുരാജ് വെഞ്ഞാറമൂട്, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ, കോട്ടയം നസീര്‍, സുജിത് ശങ്കര്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ വില്ലനെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിന് പുറമെ ശിവരാജ് കുമാറും ജയിലര്‍ 2വിലുണ്ട്. തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഭാഗമാകുമെന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം വിജയ് സേതുപതി ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രജിനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
Content Highlight: Vinayakan saying he is also a part of Jailer 2 movie