| Wednesday, 3rd December 2025, 10:48 am

ദുല്‍ഖര്‍ ഗംഭീരമായി അഭിനയിച്ച സിനിമ, അയാളും അവാര്‍ഡ് അര്‍ഹിച്ചിരുന്നു: വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് വിനായകന്‍. സഹനടനായും നായകനായും വില്ലനായും മലയാളത്തില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ വിനായകന് സാധിച്ചു. കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. മമ്മൂട്ടിക്കൊപ്പമുള്ള കളങ്കാവലാണ് വിനായകന്റെ പുതിയ ചിത്രം.

വിനായകന്‍ Photo: Screen grab/ club FM

കരിയറില്‍ ഒരുപാട് അംഗീകാരങ്ങള്‍ സമ്മാനിച്ച കമ്മട്ടിപ്പാടം എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനായകന്‍. കമ്മട്ടിപ്പാടം എന്ന സിനിമയിലെ പെര്‍ഫോമന്‍സിന് നിരവധി പ്രശംസകള്‍ ലഭിച്ചെന്നും എന്നാല്‍ തനിക്ക് കിട്ടിയതുപോലെ ദുല്‍ഖറിന് പ്രശംസ ലഭിച്ചിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ പടത്തില്‍ ഞങ്ങളെക്കാള്‍ നന്നായി അഭിനയിച്ചത് ദുല്‍ഖറാണ്. കാരണം, അയാള്‍ക്ക് ഒട്ടും പരിചയമില്ലാത്ത കഥാപരിസരമാണ്. എനിക്ക് അങ്ങനെയായിരുന്നില്ല. ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഈ കമ്മട്ടിപ്പാടവും മറ്റ് സ്ഥലങ്ങളും. അതുകൊണ്ട് കഥയുമായി എനിക്ക് വളരെ വേഗത്തില്‍ കണക്ടാകാന്‍ പറ്റിയിരുന്നു. എന്നെപ്പോലെത്തന്നെ ബാലന്‍ ചേട്ടന്റെ ക്യാരക്ടര്‍ ചെയ്ത് മണികണ്ഠനും ആ സ്ഥലവുമായി കണക്ടാകാന്‍ സാധിച്ചു.

ദുല്‍ഖറിന് അത് കുറച്ച് പ്രയാസമായിരുന്നെങ്കിലും അയാള്‍ ആ കഥാപാത്രം ഗംഭീരമായി ചെയ്തു. എനിക്കും ബാലന്‍ ചേട്ടനായി അഭിനയിച്ച മണികണ്ഠനും അവാര്‍ഡ് കിട്ടി. പക്ഷേ, ദുല്‍ഖറിനും ആ പടത്തില്‍ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. ഏതെങ്കിലുമൊരു കാറ്റഗറിയില്‍ ദുല്‍ഖറിന് അവാര്‍ഡ് കൊടുക്കാമായിരുന്നു,’ വിനായകന്‍ പറഞ്ഞു.

തന്റെ സിനിമാജീവിതത്തെക്കുറിച്ചും വിനായകന്‍ സംസാരിച്ചു. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രത്തില്‍ താനായിരുന്നു നായകനെന്ന് വിനായകന്‍ പറയുന്നു. എന്നാല്‍ ആ പ്രൊജക്ട് നടക്കാതെ പോയെന്നും പിന്നീടാണ് ബിഗ് ബി ചെയ്തതെന്നും താരം പറഞ്ഞു. ആ പ്രൊജക്ടിനായി അമല്‍ കുറച്ച് കഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു.

വിനായകന്‍ അഭിമുഖത്തിനിടെ Photo: Screen Grab/ Manorama News.

‘ആ പ്രൊജക്ടിന് വേണ്ടി അമലേട്ടന്‍ കുറെ കഷ്ടപ്പെട്ടു. പക്ഷേ, അത് ഓണായില്ല. എന്നെ നായകനാക്കിയായിരുന്നു അത് ചെയ്യാനിരുന്നത്. ഗംഭീര ആക്ഷന്‍ പടമായിരുന്നു അത്. ഒരു റോഡ് ത്രില്ലറായി എടുക്കാനായിരുന്നു പ്ലാന്‍ ചെയ്തത്. അമലേട്ടന്റെ ആദ്യത്തെ ഹീറോയായിരുന്നു ഞാന്‍. പക്ഷേ, അത് നടക്കാത്തതുകൊണ്ട് ബിഗ് ബി ചെയ്യുകയായിരുന്നു,’ വിനായകന്‍ പറയുന്നു.

Content Highlight: Vinayakan saying Dulquer was also deserved Award in Kammattippadam movie

We use cookies to give you the best possible experience. Learn more