| Monday, 2nd March 2026, 4:57 pm

ധുരന്ധറര്‍ മാത്രമല്ല, ടോക്‌സിക്ക് വന്നാലും കപ്പ് പാപ്പനുള്ളതാ, ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ ചര്‍ച്ചയായി വിനായകന്റെ ഡയലോഗ്

അമര്‍നാഥ് എം.

സര്‍വ്വം മായക്ക് ശേഷം ഉറങ്ങിക്കിടക്കുന്ന തിയേറ്ററുകള്‍ ഇനി മാര്‍ച്ച് പകുതിയോടെ വീണ്ടും ആവേശത്തിലേക്ക് കടക്കും. പാന്‍ ഇന്ത്യന്‍ സിനിമകള്‍ക്കൊപ്പം മലയാളത്തിലും ഒരുപിടി മികച്ച സിനിമകള്‍ റിലീസിനൊരുങ്ങുന്നുണ്ട്. മാര്‍ച്ച് 19ന് ഈദ് റിലീസ് മുതലാണ് ആവേശകരമായ ക്ലാഷിന് ബോക്‌സ് ഓഫീസില്‍ തുടക്കം കുറിക്കുക.

ബോളിവുഡില്‍ നിന്ന് സ്‌കൈ ലെവല്‍ ഹൈപ്പിലെത്തുന്ന ധുരന്ധറും, കന്നഡയില്‍ നിന്ന് ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്കിനുമൊപ്പം മലയാള ചിത്രം ആട് 3യും റിലീസിനൊരുങ്ങുന്നുണ്ട്. ആദ്യഭാഗം പരാജയപ്പെട്ട ആട് ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം ചരിത്രവിജയമായിരുന്നു സ്വന്തമാക്കിയത്. ഈ രണ്ട് സിനിമകളെക്കാള്‍ ഗ്രാന്‍ഡാകും ആട് 3യെന്ന് ഓരോ അപ്‌ഡേറ്റും ഉറപ്പുനല്‍കുന്നുണ്ട്.

വിനായകന്‍ Photo: Screen grab/ Friday Film House

ക്ലാഷിനെത്തുന്ന ടോക്‌സിക്കിന് ആട് 3യുടെ ക്രൂ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ട്രെയ്‌ലറില്‍ വിനായകന്‍ അവതരിപ്പിക്കുന്ന ഡ്യൂഡ് എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് സിനിമാപേജുകളില്‍ ചര്‍ച്ചയായത്. ‘എന്റെ ബാക്കില്‍ ബാങ്കോക്കും മുന്നില്‍ മയാമിയുമാണ്. കം ടു ഡാഡി’ എന്നാണ് ഡ്യൂഡിന്റെ ഡയലോഗ്.

ടോക്‌സിക്കിന്റെ ടീസറുകളില്‍ യഷ് അവതരിപ്പിച്ച രായയും ടിക്കറ്റും ഇതുപോലുള്ള ഡയലോഗ് പറയുന്നുണ്ട്. ആദ്യ ടീസറില്‍ ‘Daddy’s Home’ എന്നായിരുന്നു ഡയലോഗ്. പിന്നീട് പുറത്തുവിട്ട ടീസറില്‍ ‘ഐ ആം ഹോം ഡാഡി’ എന്ന ഡയലോഗുമുണ്ടായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ആട് 3യുടെ ട്രെയ്‌ലറില്‍ അത്തരമൊരു ഡയലോഗ് ഉള്‍പ്പെടുത്തിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

യഷ് Photo: Screen grab/ KVN Productions

ആട് 2ലെ ഷാജി പാപ്പന്റെ ഡയലോഗും ചിലര്‍ കടമെടുക്കുന്നുണ്ട്. ‘ടോക്‌സിക്കല്ല, അതിന്റെ അപ്പന്‍ ധുരന്ധര്‍ വന്നാലും കപ്പ് പാപ്പനും പിള്ളേരും തൂക്കിയിരിക്കും’ എന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ആട് 3ക്ക് തന്നെയാകും മുന്‍തൂക്കമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നാലാം ഭാഗവും ഉണ്ടാകുമെന്ന സൂചനയോടെയാണ് ആട് 3യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

അനൗണ്‍സ് ചെയ്ത സമയത്തെ ഹൈപ്പ് പിന്നീട് നിലനിര്‍ത്താനാകാത്ത അവസ്ഥയാണ് ടോക്‌സിക്കിന്റേത്. കെ.ജി.എഫ് 2ന് ശേഷം മൂന്ന് വര്‍ഷത്തോളം യഷ് ഒരൊറ്റ സിനിമക്ക് വേണ്ടി മാറ്റിവെച്ചത് ശരിയായില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ മാസ് ഴോണര്‍ ഗീതു മോഹന്‍ദാസിനെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. എന്നാല്‍ ചിത്രം ഇതിനെല്ലാം മറുപടി നല്‍കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആദ്യഭാഗം ചരിത്രവിജയം സ്വന്തമാക്കിയ ധുരന്ധറിന്റെ രണ്ടാം ഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. രണ്ട് ഭാഗവും ഒന്നിച്ച് ഷൂട്ട് ചെയ്ത ധുരന്ധറിന്റെ ആദ്യ ഭാഗം 1400 കോടിയിലേറെയായിരുന്നു സ്വന്തമാക്കിയത്. രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യം വെക്കുന്നത്.

Content Highlight: Vinayakan’s dialogue in Aadu 3 viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more