| Tuesday, 3rd March 2026, 11:08 pm

കുറച്ച് കഥകള്‍ കൂടി എന്റെയടുത്തുണ്ട്; ഇരുന്ന് പഴകി പോകുന്നതിന് മുമ്പ് അതിങ്ങെത്തും: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

ഇന്ന് മലയാള സിനിമയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. സമീപകാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് ഗാനങ്ങളെല്ലാം വിനായക് ശശികുമാറിന്റ തൂലികയില്‍ പിറന്നതാണ്. ഗപ്പി, അമ്പിളി, ഭീക്ഷ്പര്‍വ്വം, രോമാഞ്ചം തുടങ്ങി നിരവധി സിനിമകളില്‍ ഗാനമെഴുതിയ അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ആശാനാണ്.

ഇപ്പോഴിതാ തിരക്കഥാകൃത്ത് എന്ന മേഖലയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് വിനായക് ശശികുമാര്‍. ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച റോസ്ലിന്‍ എന്ന വെബ് സീരിസിന് തിരക്കഥയൊരുക്കിയത് വിനായകാണ്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ സഞ്ജന ദീപു, വിനീത്, മീന ,ഹക്കിം ഷാ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ തിരക്കഥയെഴുത്തും ഗാനരചനയുടെ ഒപ്പം കൊണ്ടുപോകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വിനായക്. പാട്ടെഴുതി മുന്നോട്ടുപോകുകയെന്നത് തന്നെയാണ് ആദ്യത്തെ പ്ലാനെന്നും അത് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നത്രയും കാലം അത് ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

‘ ലോക്ക് ഡൗണിന്റെ സമയത്ത് വന്ന ഒരു കഥയാണ് റോസ്ലിന്റേത്. അതിന് ശേഷവും എനിക്ക് കഥകള്‍ വന്നിട്ടുണ്ട്. രണ്ടും വ്യത്യസ്തമായ സ്വഭാവമുള്ള കഥയാണ്. അതുറപ്പായിട്ടും വരും വര്‍ഷങ്ങളിലുണ്ടാകും. കഥ പഴകി പോകുന്നതിന് മുമ്പ് അത് വരണം.

ഒരു കിക്കുള്ള കഥയാണെങ്കില്‍ മാത്രമെ ഞാന്‍ പ്രൊസീഡ് ചെയ്യുകയുള്ളു. അങ്ങനെയുള്ള കഥ കിട്ടുമ്പോള്‍ ഞാന്‍ അടുത്ത സുഹൃത്തുക്കളോട് പറയും. അങ്ങനെ കുറച്ച് കഥകള്‍ എന്റെയടുത്തുണ്ട്. പാട്ടിന്റെ കൂടെ അതും വരും വര്‍ഷങ്ങളില്‍ സംഭവിക്കും,’ വിനായക് പറയുന്നു.

ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫ് എന്ന സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയാണെങ്കിലും ഒരു തെറാപ്പി ഫീല്‍ നല്‍കുന്ന സിനിമയാണ് അതെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.

Content Highlight:  Vinayak says he still has many more stories and ideas 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more