സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ട്രെന്‍ഡിങ്ങായി മാറിയ ഒരു ഗാനുമുണ്ട്. ജോണ്‍ പോള്‍ ജോര്‍ജ് ആദ്യമായി സംഗീതം സംവിധാനം നിര്‍വഹിച്ച് വിനായക് ശശികുമാര്‍ വരികള്‍ നല്‍കിയ ‘കുഞ്ഞിക്കവിള്‍ മേഘമേ’.
ഇന്ദ്രന്‍സിനെ നായകനാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആശാന്‍ എന്ന ചിത്രത്തിലെ ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ ഇപ്പോളും ട്രെഡിങ്ങാണ്.
കുഞ്ഞിക്കവിള്‍ മേഘമേ ലിറിക്കല്‍ വീഡിയോയില്‍ നിന്ന്/ youtube.com
മനസ് വല്ലാതെ വിഷമിക്കുമ്പോള്‍ തോളത്ത് കയ്യിട്ട് നമ്മെ ചേര്‍ത്ത് നിര്‍ത്തും പോലുള്ള വരികളും സൂരജ് സന്തോഷിന്റെ ആലാപനവും കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു.
ജോണ്‍ പോളിന്റ തന്നെ ഗപ്പി സിനിമയെയും അതിലെ പാട്ടിനെയും ഓര്‍മിപ്പിക്കുന്നതാണ് ഈ ഗാനമെന്ന് കുഞ്ഞിക്കവിള്‍ മേഘമേയെ പറ്റി പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്‍ഡിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാര്‍.
‘കുഞ്ഞിക്കവിള്‍ മേഘമേ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ച് എഴുതിയ പാട്ടൊന്നും അല്ല. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണെന്ന് പറയുന്നത് ശരിക്കും ഒരു ബഹുമതി പോലെയാണ്. കാരണം, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകാന്‍ വേണ്ടി ഒന്നും ആ പാട്ടില്‍ ചെയ്തിട്ടില്ല. ജോണ്‍ പോളിന്റെയും എന്റെയും മൂന്നാമത്തെ സിനിമയാണ് ആശാന്‍.
സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആരും ഇല്ല. ഇന്ദ്രന്‍സ് ഏട്ടനും ജോമോനുമാണ് അഭിനയിക്കുന്നത്. പുതിയൊരു മ്യൂസിക് ലേബലില്‍ പുതിയൊരു യൂട്യൂബ് ചാനലില്‍ ഇറങ്ങിയ പാട്ടാണ്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ പാകത്തിന് ഡിസൈന്‍ ഇല്ലാത്ത ലിറിക്കല്‍ വീഡിയോ ഇറങ്ങിയ പാട്ട്, എന്നിട്ടും ഒരു മാസത്തിനിടയില്‍ റീച്ച് ആയി.
ഇപ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ റീല്‍സായി ഇടുന്നു, കവര്‍ സോങ് പാടുന്നു. അതൊക്കെ ഒരു വലിയ റിവാര്‍ഡായാണ് ഞാന്‍ കാണുന്നത്. ഗാനത്തില്‍ ഒന്നൂടെ തുടങ്ങും എന്ന വരി പോലെ തന്നെ 2026ല്‍ എനിക്ക് കിട്ടിയ മികച്ച തുടക്കമാണ് ആ ഗാനം,’ വിനായക് ശശികുമാര്‍ പറയുന്നു.
ആ പാട്ടില്‍ തനിക്ക് വളരെ സംതൃപ്തി തോന്നിയിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ ഒരു നോട്ടിഫിക്കേഷന്‍ ഇപ്പോള്‍ വന്നാല്‍ അത് കുഞ്ഞിക്കവിള്‍ മേഘമേയുടെ ഒരു കവര്‍ സോങ്ങായിരിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും വിനായക് ശശികുമാര്‍ പറയുന്നു.
സാധാരണ കഴിവ് തെളിയിക്കാനായി ഒരു പാട്ട് പാടാനാണ് അധികവും ആളുകള്‍ കവര്‍ സോങ്ങ് പാടുന്നതെന്നും എന്നാല്‍ കുഞ്ഞിക്കവിള്‍ മേഘമേയുടെ ഒരു കവര്‍ പോലും തന്റെ കഴിവ് കാണിക്കാന്‍ വേണ്ടി പാടുന്നതല്ല, ഹൃദയത്തില്‍ നിന്ന് പാടുന്നതാണെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
അമ്പിളിക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മിക്കുന്ന ആശാനില്‍ നൂറ്റമ്പതോളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിമല്‍ ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് കിരണ്‍ ദാസാണ്.
Content Highlight: Vinayak Sasikumar talks about the song Kunjikkavil Meghame from aashan