| Sunday, 1st March 2026, 9:38 pm

സിനിമ  കണ്ടപ്പോള്‍ മനസില്‍ നിന്ന് എന്തൊക്കെയോ അടര്‍ന്ന് പോയി; ലൈറ്റ് തെളിഞ്ഞിട്ടും വിതുമ്പി കരയുകയായിരുന്നു ഞാന്‍: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

ഇന്ന് മലയാള  സിനിമയിലെ  മുന്‍നിരയില്‍   നില്‍ക്കുന്ന ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍.
സമീപകാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് ഗാനങ്ങളെല്ലാം വിനായക് ശശികുമാറിന്റ തൂലികയില്‍ പിറന്നതാണ്. ഗപ്പി, അമ്പിളി, ഭീക്ഷ്പര്‍വ്വം, രോമാഞ്ചം തുടങ്ങി നിരവധി സിനിമകളില്‍ ഗാനമെഴുതിയ അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ആശാനാണ്.

ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് നായകനായെത്തിയ ആശാനിലെ കുഞ്ഞിക്കവിള്‍ മേഘമേ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിരുന്നു. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ കാഴ്ച സിനിമയെ കുറിച്ച് വിനായക് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്നെ ഒരുപാട് കരയിപ്പിച്ച സിനിമയാണ് കാഴ്ച എന്ന് അദ്ദേഹം പറയുന്നു.

‘ഒരു സിനിമ എത്രത്തോളും നമ്മളെ ഉലയ്ക്കും അല്ലെങ്കില്‍ വേട്ടയാടുമെന്ന് മനസിലാക്കി തന്ന ചിത്രമാണ് കാഴ്ച. അങ്ങനെയൊരു അനുഭവമാണ് കാഴ്ച സമ്മാനിച്ചത്. അത് കണ്ട് കഴിഞ്ഞപ്പോള്‍ എന്റെ മനസില്‍ നിന്ന് എന്തൊക്കെയോ അടര്‍ന്ന് പോയി, അത് ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. അത്രകാലം ഹ്യൂമര്‍ സിനമകളും മറ്റുമാണ് കണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് കാഴ്ച എന്ന സിനിമ തിയേറ്ററില്‍ കാണാന്‍ പോകുന്നത്.

ആ സിനിമ എന്നെ ഹിറ്റ് ചെയ്തങ്ങ് കൊന്നു കളഞ്ഞു. ശരിക്കും പറഞ്ഞാല്‍ ആ സിനിമ കണ്ട് ഞാന്‍ ആകെ ഹാര്‍ട്ട് ബ്രോക്കണായി. തിയേറ്ററില്‍ ലൈറ്റ് തെളിഞ്ഞിട്ടും ഞാന്‍ കരയുകയായിരുന്നു. സിനിമ റിലീസായിട്ട് 22വര്‍ഷമായി. ഇപ്പോഴും ആ സിനിമയുടെ ഒരു ബാക്ഗ്രൗണ്ട് മ്യൂസിക്കോ, ഏതെങ്കിലുമൊരു സീനോ കണ്ടാല്‍ ഞാന്‍ ഇരുന്ന് കരയും,’ വിനായക് പറയുന്നു.

കുട്ടിക്കാലം ഹ്യൂമര്‍ സിനിമകള്‍ മാത്രമാണ് കണ്ട് കൊണ്ടിരുന്നതെന്നും അങ്ങനെ തനിക്ക് പത്ത് വയസുള്ളപ്പോഴാണ് കാഴ്ച കാണാന്‍ പോയതെന്നും വിനായക് പറഞ്ഞു. സിനിമ കണ്ട് കഴിഞ്ഞിട്ടും തിയേറ്ററില്‍ താന്‍ തല താഴ്ത്തി കൊണ്ടാണ് ഇരുന്നതെന്നും അന്ന് വിതുമ്പി കരഞ്ഞിരുന്നുവെന്നും കാഴ്ച എന്ന സിനിമ തനിക്ക് വളരെ പേഴ്‌സണലാണെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗാനരചയിതാവില്‍ നിന്ന് തിരക്കഥാകൃത്ത് എന്ന മേഖലയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് വിനായക് ശശികുമാര്‍. ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച റോസ്ലിന്‍ എന്ന സീരീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വിനായകാണ്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ സഞ്ജന ദീപു, വിനീത്, മീന ,ഹക്കിം ഷാ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Vinayak Sasikumar talks about the movie Kaazhcha

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more