മലയാള സിനിമയില്‍ ഗാനരചയിതാവായി തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് വിനായക് ശശികുമാര്‍. അടുത്തിടെ വൈറലായ മമ്മൂട്ടി ചിത്രം കളങ്കാവലിലെ പാട്ടുകളടക്കം ഒട്ടനവധി ഗാനങ്ങളാണ് വിനായക് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ ഗാനരചയിതാവില്‍ നിന്നും മാറി തിരക്കഥാകൃത്തെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച വിനായക് ശശികുമാറിന്റെ ‘സീക്രട്ട് സ്‌റ്റോറീസ്: റോസ്‌ലിന്‍’ ആണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം.
വിനായക് ശശികുമാര്‍. Photo: The Hindu
സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ സൈക്കോളജിക്കല്‍ ത്രില്ലറായാണ് റോസ്‌ലിന്‍ ഒരുങ്ങിയത്. സഞ്ജന ദിപു, വിനീത്, മീന, ഹക്കീം ഷാ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സിരീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. റോസ്‌ലിനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കഥ ആദ്യഘട്ടത്തില്‍ സിനിമയാക്കാനായിരുന്നു തീരുമാനിച്ചതെന്നതിനെക്കുറിച്ച് വിനായക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘റോസ്‌ലിന്‍ ആദ്യം ഒരു സിനിമയാക്കാനായിരുന്നു തീരുമാനിച്ചത്. എങ്കിലും ഒരിക്കല്‍ പോലും തിയേറ്റര്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. ഡയറക്ട് ഒ.ടി.ടി റിലീസായിട്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. പിന്നീട് ഡെവലപ് ചെയ്ത് വന്നപ്പോള്‍ ഒരു സിരീസ് സ്ട്രക്ച്ചര്‍ ഉണ്ടെന്ന് തോന്നി. പല കഥാപാത്രങ്ങളുടെയും ആഴത്തിലേക്ക് പോകാനുള്ള സാധ്യതകളും എപ്പിസോഡ് എന്‍ഡ് ചെയ്യാനുള്ള അവസരങ്ങളും ലഭിച്ചു.
ഇതിനെല്ലാം ഉപരി ഈ കഥ എവിടെയിട്ടും പറയാം. ഇത് കേരളത്തില്‍ നടക്കുന്ന കഥയാണെങ്കിലും തമിഴ്‌നാട്ടിലുള്ളവര്‍ കണ്ടാലും ബംഗാളീസ് കണ്ടാലും അവര്‍ക്കെല്ലാം മനസ്സിലാകുന്ന കഥയാണ്. കാരണം കഥക്കൊരു യൂണിവേഴ്‌സാലിറ്റിയുണ്ട്. റോസ്‌ലിന്‍ മലയാളത്തിനൊപ്പം തന്നെ ഇന്ത്യയിലെ മറ്റ് പല ഭാഷകളിലും ഇറങ്ങുകയാണ്. പാന്‍ ഇന്ത്യന്‍ എന്ന് പറയുന്ന ഒരു അവസരം ഇതിലൂടെ സിരീസിന് ലഭിക്കുകയാണ്,’ വിനായക് ശശികുമാര്‍ പറഞ്ഞു.
‘സീക്രട്ട് സ്‌റ്റോറീസ്: റോസ്‌ലിന്‍’. Photo: IMDB
സിരീസ് കണ്ടതിനുശേഷം ആശംസയറിയിച്ചുകൊണ്ട് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിരീസാക്കാമെന്ന് തീരുമാനിച്ചതിനുശേഷമായിരുന്നു ഒ.ടി.ടി പാര്‍ട്ണറായ ജിയോ ഹോട്‌സ്റ്റാറിനെ സമീപിച്ചതെന്നും തിരക്കഥാകൃത്ത് കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ മുന്‍നിര സംവിധായകന്‍ ജീത്തു ജോസഫ് തന്റെ തിരക്കുകള്‍ക്കിടയിലും ഷോറണ്ണറായി എത്തിയത് വലിയ പിന്തുണയായിരുന്നുവെന്നും വിനായക് പറഞ്ഞു.
Content Highlight: Vinayak sasikumar talks about the earlier plans to shoot Rosin series as a film
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ