| Friday, 20th November 2026, 3:16 pm

പത്ത് മിനിട്ട് ഷൂട്ട് കണ്ടപ്പോഴേ പടം കാണാന്‍ എക്‌സൈറ്റഡായി, ലാലേട്ടന്റെ ഇന്നുവരെ കാണാത്ത എക്‌സ്പ്രഷനാണ് അന്ന് കണ്ടത്: വിനായക് ശശികുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാല്‍. മലയാളത്തിലെ ബോക്സ് ഓഫീസ് പവറിന്റെ അവസാന വാക്കാണ് താരം. നാലുപതിറ്റാണ്ടിലധികമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച മോഹന്‍ലാല്‍ ഇന്ന് മലയാളത്തിലെ മറ്റൊരു നടനും പകരം വെക്കാന്‍ സാധിക്കാത്ത സ്റ്റാര്‍ വാല്യൂവിന് ഉടമയാണ്.

എമ്പുരാനും തുടരുമും ദൃശ്യം 3യും, ലൂസിഫറും പുലിമുരുകനും അടക്കം മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും താരത്തിന്റെ പേരിലാണ്. ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കാനും പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഫൈനല്‍ കളക്ഷന്‍ നേടാനും താരത്തിനുള്ള കെല്‍പ്പ് പ്രശംസനീയമാണ്.

അതിമനോഹരം. Photo: X.com

താരത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. 2025ല്‍ മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകന്‍ താരത്തിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. തുടരുമിലെ ഷണ്മുഖന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ കാണാനാഗ്രിച്ച മോഹന്‍ലാലിനെയായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ഇതോടെ അതിമനോഹരത്തിനായി വലിയ ഹൈപ്പാണ് മോളിവുഡ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മലയാള സിനിമയിലെ ഗാനരചയിതാവായ വിനായക് ശശികുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് വീണ്ടും ഉയര്‍ത്തുന്നത്. അതിമനോഹരത്തിന്റെ സെറ്റില്‍ പോയപ്പോള്‍ ഷൂട്ടിന്റെ ചില ഭാഗങ്ങള്‍ കാണുകയും പിന്നീട് ഇതേ തുടര്‍ന്ന് ചിത്രം കാണാന്‍ എക്‌സൈറ്റഡായതിനെ കുറിച്ചുമാണ് വിനായക് ശശികുമാര്‍ സംസാരിച്ചത്.

‘ലാലേട്ടന്റെ ക്രിസ്മസ് റിലീസ് പടത്തിനായി ഞാന്‍ എക്‌സൈറ്റഡാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ തരുണ്‍ മൂര്‍ത്തിയെ കാണാനായി ഞാന്‍ പോയിരുന്നു. വേറെ ഒരു കാര്യം തരുണുമായി സംസാരിക്കാനായിട്ടാണ് പോയത്. പോയ ദിവസത്തില്‍ ഒരു ക്രൂഷ്യല്‍ സീന്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്റെ കൂടെ രണ്ട് പേര്‍ കൂടെയുണ്ടായിരുന്നു. വന്നതല്ലേ കുറച്ച് നേരം ഷൂട്ട് കാണാമെന്ന് വിചാരിച്ച് പോയി.

ഒരു പത്ത് മിനിട്ട് മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ ആ പത്ത് മിനിട്ട് ലാല്‍ സാറിന്റെ പെര്‍ഫോമന്‍സായിരുന്നു. ഇന്നുവരെ നമ്മള്‍ കണ്ട ലാല്‍ സാറിന്റെ സിനിമകളിലൊന്നും ഇല്ലാത്ത പെര്‍ഫോമന്‍സായിരുന്നു അതിലുണ്ടായിരുന്നത്. അത് കണ്ടിട്ട് അപ്പോള്‍ തന്നെ എന്താണിതിന്റെ കഥ എന്ന് റൈറ്റര്‍ രതീഷേട്ടനോട് ചോദിച്ചു. അത് കൂടെ കേട്ടപ്പോള്‍ എനിക്ക് പടം കാണാനായി എക്‌സൈറ്റ്മെന്റായി. വേറെ ഒന്നും ഞാന്‍ പറയുന്നില്ല,’ വിനായക് പറഞ്ഞു.

Content Highlight: Vinayak Sasikumar talks about Mohanlal’s upcoming movie Athimanoharam

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more