| Monday, 19th January 2026, 1:31 pm

പറുദീസയിലും കൊണ്ടാട്ടത്തിലെ അനുപല്ലവിയിലും ഞാന്‍ കൊണ്ടുവന്നത് സമത്വമെന്ന ഒരേ ആശയം: വിനായക് ശശികുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച ചലച്ചിത്ര ഗാനങ്ങളില്‍ പലതും പിറവിയെടുത്തത് വിനായക് ശശികുമാര്‍ എന്ന യുവ എഴുത്തുകാരന്റെ തൂലികയില്‍ നിന്നുമായിരുന്നു. ആവേശം, തുടരും, ഗപ്പി, ഗോദ, രോമാഞ്ചം, ഭീഷ്മപര്‍വ്വം തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഗാനങ്ങള്‍ക്ക് വരികളെഴുതിയ വിനായകിന്റെ കുഞ്ഞിക്കവള്‍ മേഘമേ എന്ന ഗാനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിനായക് ശശികുമാര്‍, Photo: screen grab/ Indy wood and wonder fall media Network/ Youtube.com

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കളങ്കാവലിലെ ഹിറ്റായ തമിഴ് വിന്റേജ് വിഭാഗത്തില്‍ പെടുന്ന നിലാ കായും വെളിച്ചമടക്കമുള്ള ഗാനങ്ങള്‍ രചിച്ചത് വിനായകായിരുന്നു. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ വിജയശേഷം ഗാനങ്ങള്‍ക്ക് ലഭിച്ചത്.

സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ രചിക്കുമ്പോള്‍ തന്റെ ആശയങ്ങള്‍ ഏത് വിധേനയാണ് ഉപയോഗിക്കാറുള്ളതെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനയക്. ഇന്‍ഡിവുഡ് ആന്‍ഡ് വണ്ടര്‍ഫാള്‍ മീഡിയ നെറ്റ്‌വര്‍ക്ക് എന്ന യൂട്യൂബ് ചാനലിലെ ഡീപ് ഡൈവ് അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഭീഷ്മപര്‍വ്വത്തിലെയും തുടരുമിലെയും ഗാനങ്ങളുടെ വരികള്‍ ഉദാഹരണമാക്കി കൊണ്ട് വിനായക് സംസാരിച്ചത്.

‘മിക്കപ്പോഴും സിനിമയുടെ ആവശ്യം എന്താണോ അതാണ് നമ്മള്‍ പാട്ടായിട്ട് എഴുതുന്നത്. നമ്മുടെ ഐഡിയോളജിയുടെ ആവശ്യം അവിടെയില്ല, കവിതയല്ലല്ലോ സിനിമാ പാട്ടല്ലേ. പക്ഷേ ചില പാട്ടുകള്‍ വരുമ്പോള്‍ നമുക്ക് നമ്മുടെ ഉള്ളിലുളള ആശയം എഴുതിവെക്കാന്‍ കഴിയും. ഉദാഹരണത്തിന് പറുദ്ദീസയിലെ വരികള്‍ അങ്ങനെയാണ്.

‘പാടുന്നോര്‍ പാടട്ടെ കഴിയുവോളം

ആടുന്നോര്‍ ആടട്ടെ തളരുവോളം,

ചേരുന്നോര്‍ ഒന്നായി ചേരട്ടെ വേഗം,

അതിന് കെല്‍പ്പുള്ള ഭൂമിയാണ്, പറുദീസ’.

അതു പോലെ തന്നെ ഈയടുത്ത് എഴുതിയ തുടരും സിനിമയിലെ കൊണ്ടാട്ടം എന്ന ഗാനം. അതിന്റെ അനുപല്ലവിയില്‍ ലാലേട്ടന്‍ പാടുന്ന വരികളുണ്ട്.

‘കാണും ലോകം സന്തോഷത്തിന്‍ കൂടെ ഞാനും നീയും ഒന്നാണെടാ,

ഇന്നീ മണ്ണില്‍ ജന്മം ഒന്നേ ഒന്ന് ഓരോ നാളും കൊണ്ടാടെടാ

കോപത്തിന്‍ പന്തങ്ങള്‍ നീ അന്‍പാലെ ആറ്റേണം.

എല്ലാരേം എന്നെന്നും ഒരേ കണ്ണോടെ കാണേണം’.

ഈ വരികളെല്ലാം ബേസിക്കലി സമത്വം എന്ന ആശയം മുന്നില്‍ കണ്ടാണ് എഴുതിയത്. അതെവിടെയെല്ലാം കൊണ്ടുവരാന്‍ പറ്റുമോ അവിടെയെല്ലാം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്,’ വിനായക് പറഞ്ഞു.

വിനായക് ശശികുമാര്‍ വിദ്യാ സാഗറിനൊപ്പം. Photo: Onlookersmedia

കൊണ്ടാട്ടം ഗാനം ലാലേട്ടനുള്ള ട്രിബ്യൂട്ട് പോലെ എഴുതിയതാണെങ്കിലും പല്ലവിയില്‍ തന്റെ ഫിലോസഫി പ്രകടമാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2013 ല്‍ ഗിന്നസ് പക്രു നായകനായ കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ച വിനായക് ശ്രദ്ധിക്കപ്പെടുന്നത് റെക്‌സ് വിജയന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെയാണ്.

Content Highlight: Vinayak sasikumar talks about his lyrics in bheeshma parvam and Thudarum

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more