| Monday, 14th July 2025, 9:52 am

ആളുകള്‍ ഏറ്റെടുക്കുമെന്ന് കരുതിയ പാട്ട് ഏറ്റെടുത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം: വിനായക് ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്രായത്തില്‍ തന്നെ മലയാളത്തിലെ തിരക്കുള്ള ഗാനരചയിതാവായി മാറിയ ആളാണ് വിനായക് ശശികുമാര്‍. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഭീഷ്മ പര്‍വ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലികള്‍ നേരട്ടെ’ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ബോഗയ്ന്‍വില്ലയിലെ ‘സ്തുതി’ വാഴയിലെ ‘ഏയ് ബനാനെ’ തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്. നിലവില്‍ മലയാളത്തില്‍ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക്.

അതിരന്‍ എന്ന ചിത്രത്തിലെ ‘ആട്ടുതൊട്ടില്‍’ എന്ന പാട്ടെഴുതിയതും വിനായകന്‍ ശശികുമാറാണ്. ഇപ്പോള്‍ ചിത്രത്തിലെ പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. തന്റെ ജീവിതത്തില്‍ വളരെ സംതൃപ്തിയോടെ എഴുതിയ പാട്ടാണ് അതെന്നും ആളുകള്‍ ഏറ്റെടുക്കുമെന്നാണ് കരുതിയതെന്നും വിനായക് പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ആ പാട്ടിന് കുറേ കൂടി സ്വീകാര്യത ലഭിക്കുന്നതെന്നും ജയചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് ആ പാട്ട് ശ്രദ്ധിക്കപ്പെട്ടത് അനുഗ്രഹമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു വിനായക് ശശികുമാര്‍.

‘എന്റെ ജീവിതത്തില്‍ വളരെ സംതൃപ്തിയോടെ ഞാന്‍ എഴുതിയ പാട്ടാണ് ജയചന്ദ്രന്‍ സാറിന് വേണ്ടിയെഴുതിയ ‘ആട്ടുതൊട്ടില്‍’. ആളുകള്‍ ഏറ്റെടുക്കുമെന്ന് കരുതിയാണ് ആ പാട്ടെഴുതിയത്. പക്ഷെ ഈ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസത്തോടെയാണ് എല്ലാവരും ആ പാട്ട് ശ്രദ്ധിച്ച് തുടങ്ങുന്നത്. പ്രത്യേകിച്ച് അതിലെ ‘ഇനി കണ്ണീരൊന്നും വേണ്ട’ എന്ന ഭാഗമൊക്കെ.

കുറച്ച് വൈകിയാണെങ്കിലും ആ പാട്ടിനൊരു പുനര്‍ജന്‍മം കിട്ടി. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത് കഴിഞ്ഞ് ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജയചന്ദ്രന്‍ സാര്‍ നമ്മളെ വിട്ട് പോയി. അതിന് മുമ്പ് ഇതെല്ലം സംഭവിച്ചപ്പോള്‍ ഒരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.

പാട്ട് ഞങ്ങള്‍ ചെയ്തപ്പോള്‍ അതിലെ ‘അച്ഛാ’ എന്ന ഭാഗം ഉണ്ടായിരുന്നില്ല. അത് സംവിധായകന്‍ വിവേകിന്റെ ഐഡിയ ആയിരുന്നു. അതുകൂടി വന്നപ്പോള്‍ ആ പാട്ട് കുറേകൂടി ഇമോഷണലി കണക്റ്റായി,’ വിനായക് ശശികുമാര്‍ പറയുന്നു.

Content Highlight: Vinayak Sasikumar talks about ‘Aattuthottil’ song from Athiran Movie

We use cookies to give you the best possible experience. Learn more