പല പാട്ടുകള്‍ക്കും നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലുള്ള റീച്ച് കിട്ടാറില്ലെന്ന് ഗാനരചയിതാവ് വിനായക് ശശികുമാര്‍. കാണെക്കാണെ എന്ന സിനിമയിലെ ‘പാല്‍നിലാവിന്‍ പൊയികയില്‍’ താന്‍ വളരെ പ്രതീക്ഷയോടെ എഴുതിയ ഗാനമാണെന്നും എന്നാല്‍ അതിന് വിചാരിച്ച റീച്ച് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡിവുഡ് ചാനലിനോട് സംസാരിക്കുകയായിരുന്നു വിനായക് ശശികുമാര്‍.
‘ വിചാരിക്കുന്ന പാട്ടുകളൊന്നും ഹിറ്റാവണമെന്ന് ഇല്ലെന്ന് ആ പോയിന്റായപ്പോഴേക്കും എനിക്ക് മനസിലായി തുടങ്ങി. ഒരു ആല്‍ബത്തിലെ തന്നെ ഒരു പാട്ടിനെക്കാള്‍ മറ്റ് ഗാനമായിരിക്കും ചിലപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ അപ്പോള്‍ മനസിലായി. പക്ഷേ എന്റെ കരിയറില്‍ ഏറ്റവും സമയമെടുത്ത് ഞാന്‍ ചെയ്ത ഗാനമാണ് ‘പാല്‍നിലാവിന്‍ പൊയ്കയില്‍’.
എന്ത് എഴുതിയിട്ടും ഓക്കെയാവാതെ പോയ ഒരു ഗാനമായിരുന്നു അത്. കൊവിഡ് ടൈമായത് കൊണ്ട് സമയം ഒരുപാട് ഉണ്ടായിരുന്നു. ബോബി സഞ്ജയും പിന്നെ മനുവുമൊക്കെ എന്നോട് കുറെയധികം മാറ്റി എഴുതാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരുപാട് തവണ എഴുതി എഴുതി ശരിയാക്കിയ ഒരു പാട്ടാണ്. എഴുതാന്‍ ഏറ്റവും ടഫായിട്ടുള്ള മീറ്ററാണ് അത്, എഴുതുന്ന ആളുകള്‍ക്ക് അറിയാം. പാട്ടില്‍ താന്‍ ഏറ്റവും ആദ്യം എഴുതിയ വരികള്‍ തന്നെയാണ് ഇപ്പോള്‍ കൊടുത്തിട്ടുള്ളത്,’ വിനായക് ശശികുമാര്‍ പറയുന്നു.
തനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു കാണെക്കാണെ എന്നും ആ ഗാനം റീച്ചാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ സിത്താരക്ക് ആ ഗാനത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നെന്നും താന്‍ എഴുതിയതില്‍ ജി.വേണുഗോപാല്‍ പാടിയ ഒരേയൊരു ഗാനമതാണെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് വളരെ സ്‌പെഷ്യലായ ഗാനമാണ് അതെന്നും പാട്ട് കേട്ട് റഫീഖ് അഹമ്മദ് തന്നെ വിളിച്ചിരുന്നുവെന്നും വിനായക് പറയുന്നു. ഈ ഗാനം എഴുതാന്‍ ഒട്ടും എളുപ്പമല്ല എന്നെന്നിക്കറിയാം നന്നായി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.
ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാണെക്കാണെ. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ സോണി ലിവിലൂടെ ഡയറക്ട് ഒ.ടി.ടി റിലീ സായാണ് എത്തിയത്.
രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ‘പാല്‍നിലാവിന്‍ പൊയ്കയില്‍’ ആലപിച്ചത് സിത്താര കൃഷ്ണകുമാറാണ്. 52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലാണ് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സിത്താര സ്വന്തമാക്കിയത്.
Content Highlight: Vinayak Sasikumar says the song ‘Palnilavin Poyikayil’ from the movie ‘Kanekkanne’ was not as well received as expected