| Monday, 30th March 2026, 4:27 pm

അദ്ദേഹത്തിന്റെ നിര്‍ബന്ധമാണ് സീരീസിന്റെ രചനയിലേക്ക് എന്നെയെത്തിച്ചത്: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് സുപരിചിതനായ ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങി അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. ഗപ്പി, അമ്പിളി, ആവേശം, രോമാഞ്ചം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മെലഡി ഗാനങ്ങളും ഫാസ്റ്റ് സോങ്ങുകളും ഒരുപോലെ കയ്യടക്കത്തോടെ എഴുതാറുണ്ട്.

അടുത്തിടെ വന്ന ലോകഃ, സര്‍വ്വം മായ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം വിനായക് ശശികുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. റോസ്ലിന്‍ എന്ന വെബ് സീരീസിലൂടെ തിരക്കഥാകൃത്ത് എന്ന മേഖലയിലേക്കും കാലെടുത്തു വെച്ച അദ്ദേഹം, ഇപ്പോള്‍ സീരീസിനെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍. പാട്ടെഴുത്തിന് തടസം വരാതെ സിനിമയുടെ മറ്റുമേഖലയിലും പ്രവര്‍ത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

‘കൊവിഡ്കാലത്ത് മനസിലേക്കുവന്ന കഥയാണ് റോസ്ലിന്റേത്. ആദ്യം ക്ലൈമാക്‌സാണ് ലഭിച്ചത്. പിന്നീട് പുറകിലേക്ക് സഞ്ചരിച്ച് കഥ പരുവപ്പെടുത്തുകയായിരുന്നു. റോസ്ലിന്റെ സംവിധായകന്‍ സുമേഷിന്റെ നിര്‍ ബന്ധമാണ് ഈ സിനിമയുടെ രചനയിലേക്ക് എന്നെയെത്തിച്ചത്. സുമേഷിന്റെ ഇഷ്ട മേഖലയാണ് മിസ്റ്ററി ത്രില്ലറുകള്‍. അതുകൊണ്ട് അവന്റെ ടേസ്റ്റിനനുസരിച്ചുള്ള ചിന്തകളിലേക്ക് പോകുകയായിരുന്നു.

കഥയും തിരക്കഥയും മൊത്തം എഴുതിയശേഷം കോവിഡ്കാലത്ത് വീഡിയോകോളിലൂടെ സുമേഷിനോട് കഥപറഞ്ഞു. അഗതാ ക്രിസ്റ്റിയെ പോലുള്ളവരുടെ രചനകള്‍ എനിക്കേറെ ഇഷ്ടമാണ്. ഒരുപാട് കഥാപാത്രങ്ങളൊന്നുമില്ലാതെ പ്രേക്ഷകരെ ഒരു കഥാതന്തുവില്‍ തന്നെ കുരുക്കിയിട്ട് അവസാനം ഞെട്ടിക്കുന്നൊരു ക്ലൈമാക്‌സ് നല്‍കുന്ന രചനകളെ ആവേശത്തോടെയാണ് കാണുന്നത്. പൂര്‍ത്തിയായ തിരക്കഥകളുണ്ട്, വരും വര്‍ഷങ്ങളില്‍ അവയെല്ലാം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ,’ വിനായക് പറയുന്നു.

സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ സൈക്കോളജിക്കല്‍ ത്രില്ലറായാണ് റോസ്ലിന്‍ ഒരുങ്ങിയത്. സഞ്ജന ദിപു, വിനീത്, മീന, ഹക്കീം ഷാ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സിരീസിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ വന്ന സീരീസ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു. റോസ്ലിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം.

Content Highlight: Vinayak Sasikumar about the web series Roslin 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more