| Friday, 6th March 2026, 4:32 pm

ദൃശ്യത്തിലെ ഈ പാട്ട് ആളുകള്‍ അങ്ങനെ ശ്രദ്ധിക്കാന്‍ പാടില്ലെന്നാണ് ജീത്തു സാര്‍ പറഞ്ഞത്: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

മലയാള സിനിമയില്‍ ഇന്ന് ശ്രദ്ധേയനായ ഗാനരചയിതാക്കളിലൊരാളാണ് വിനായക് ശശികുമാര്‍. 2013ല്‍ പുറത്തിറങ്ങിയ കുട്ടിയും കോലും എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ വിനായക് ശശികുമാര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടാന്‍ കഴിഞ്ഞു.

സമീപകാലത്തിറങ്ങിയ ഹിറ്റ് സിനിമകളുടെ പുറകിലെല്ലാം വിനായക് ശശികുമാര്‍ എന്ന ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു. അടുത്തിടെ വന്ന തുടരും, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ആശാന്‍ എന്നീ സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികളെഴുതിയത് വിനായകായിരുന്നു.

വരാന്‍ പോകുന്ന ദൃശ്യം3, ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂക്‌സ് എന്നീ സിനിമകള്‍ക്കും വിനായക് തന്നെയാണ് ഗാനരചയിതാവ്. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമുള്ള അഭിമുഖത്തില്‍ അമല്‍ നീരദിനൊപ്പവും ജീത്തു ജോസഫിനൊപ്പവും പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

‘ഓരോ സംവിധായകരുടെയും സിനിമകള്‍ ആ സെന്‍സിബിളിറ്റിയില്‍ പോയി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. ആ ഒരു ഹൃദയത്തോട് തന്നെയാണ് ഞാന്‍ അവരുടെ സിനിമകളില്‍ പാട്ടെഴുതാന്‍ പോകുന്നതും. എല്ലാവരുടെയും ടേയ്‌സ്റ്റ് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. അമലേട്ടന്റെ അടുത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിഷന്‍ എന്താണെന്ന് എനിക്ക് അറിയാം. അമലേട്ടന്റെ മ്യൂസിക്കല്‍ വേള്‍ഡ് വേറെ തന്നെയാണ്.

ജീത്തു സാറിന്റെ അടുത്ത് വരുമ്പോള്‍ വേറെ രീതിയിലാണ്, സാറിന്റെ സ്‌ക്രിപ്റ്റ് പാട്ടില്‍ ഡിപ്പന്റഡ് അല്ല. ഒരു പാട്ട് ഹിറ്റടിച്ചിട്ട് വേണ്ട അദ്ദേഹത്തിന്റെ സിനിമ വിജയിക്കാന്‍. എനിക്കവിടെ ഒന്ന് അസിസ്റ്റ് ചെയ്ത് കൊടുത്താല്‍ മതി,’ വിനായക് പറയുന്നു.

സിനിമ കാണുമ്പോള്‍ പാട്ട് അധികം ആരും ശ്രദ്ധിക്കാന്‍ പാടില്ലെന്നാണ് ജീത്തു ജോസഫ് പറയുകയെന്നും അതാണ് തനിക്ക് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് കിട്ടുന്ന ബ്രീഫെന്നും വിനായക് പറയുന്നു. ദൃശ്യം 2വിലെ നിഴലേ എന്ന ഗാനം ചെയ്യുമ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ പാട്ട് വല്ലാതെ നന്നായി കഴിഞ്ഞാല്‍ കഥയുടെ ഇടക്ക് പാട്ട് എല്ലാവരും കേട്ടുകൊണ്ടിരിക്കുമെന്നാണ്.

അവിടെ കഥ പറച്ചിലിനാണ് ജീത്തു ജോസഫ് പ്രാധാന്യം കൊടുക്കുന്നതെന്നും അത് വളരെ ബ്രില്ല്യന്‍ഡായ ഒരു ചിന്താഗതിയാണെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. പാട്ടുകള്‍ കൊണ്ട് ആളുകള്‍ സിനിമയില്‍ നിന്ന് ശ്രദ്ധ പോകാന്‍ പാടില്ലെന്നും എന്നാല്‍ കഥപറച്ചിലിനെ ഒന്ന് എന്‍ഹാന്‍സ് ചെയ്യണമെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.

Content Highlight: Vinayak Sasikumar about Jeethu Joseph

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more