| Monday, 28th July 2025, 9:22 am

മണിച്ചിത്രത്താഴിലെ ആ ഡയലോഡ് കേട്ട് ഒരുപാട് ചിരിച്ചു, അവരൊന്നും ഇപ്പോൾ കൂടെയില്ല: വിനയപ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിലൊന്നായി മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കാം. ചിത്രത്തിൽ അഭിനയിച്ച പലരും ഇന്ന് ജീവനോടെയില്ല എന്നത് സിനിമപ്രേമികളെയൊന്നാകെ നിരാശരാക്കുന്ന കാര്യമാണ്.

ഇപ്പോൾ മണിച്ചിത്രത്താഴിനെക്കുറിച്ചും ഇന്നസെൻ്റിനെക്കുറിച്ചും സംസാരിക്കുകയാണ് നടി വിനയപ്രസാദ്. ചിത്രത്തിൽ ശ്രീദേവി എന്ന വേഷത്തിൽ നടി അഭിനയിച്ചിരുന്നു.

ഇതിഹാസങ്ങളാണ് മലയാള സിനിമയിലെ ഓരോരുത്തരുമെന്നും കെ.പി.എ.സി ലളിത, ഇന്നസന്റ്, തിലകൻ, നെടുമുടി വേണു, കുതിരവട്ടം പപ്പു ഇവരൊന്നും ഇപ്പോളില്ല എന്നതാണ് സങ്കടമെന്നും വിനയ പ്രസാദ് പറഞ്ഞു.

‘മാടമ്പള്ളിയിൽ മറന്നുവച്ച താക്കോലെടുക്കാൻ ഇന്നസന്റ് സാറും ഗണേഷും കൂടി വന്ന് പേടിച്ച് വശം ചേർന്ന് നടന്നു പോകുന്നത് കണ്ട് ഇത്തവണയും ഞാൻ എത്രയാണ് ചിരിച്ചതെന്നോ’ വിനയ പ്രസാദ് പറയുന്നു.

ഇവരുടെയൊക്കെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും തങ്ങളെല്ലാവരും വെറുതെ ഇരിക്കുന്ന സമയത്ത് ഓരോ പ്രേതക്കഥകൾ സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നസെൻ്റ് ഓരോ കഥകൾ ഉണ്ടാക്കിപ്പറയുമായിരുന്നെന്നും പറഞ്ഞ് കഴിഞ്ഞതിന് ശേഷം പറ്റിച്ചതാണെന്ന് അദ്ദേഹം പറയുമെന്നും വിനയ പറയുന്നു.

‘ഇന്നസന്റ് സാർ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ മറ്റുള്ളവരെ കളിയാക്കിക്കൊണ്ടിരിക്കും. പക്ഷേ, അതൊക്കെ ആരോഗ്യകരമായ തമാശകളും കളിയാക്കലുകളുമായിരുന്നു,’ വിനയപ്രസാദ് പറഞ്ഞു.

ഇന്നസെൻ്റ് കന്നഡയിൽ തന്നോട് ഒരുപാട് സംസാരിക്കുമായിരുന്നെന്നും ഉത്തര കന്നഡയിലെ തീപ്പട്ടിക്കമ്പനിയിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടായിരുന്നെന്നും നടി കൂട്ടിച്ചേർത്തു. അങ്ങനെയാണ് അദ്ദേഹം കന്നഡ പഠിച്ചതെന്നും എന്നാൽ ആ കന്നഡയും എന്റെ കന്നഡയും വ്യത്യസ്തമാണെന്നും അവർ പറയുന്നു.

ഇന്നസെൻ്റ് കന്നഡ പറയുന്നത് കേൾക്കാൻ നല്ല ഭംഗിയാണെന്നും താൻ പറയുന്നത് ശരിയാണോ എന്ന് ഇടക്ക് വന്ന് ചോദിക്കുമായിരുന്നെന്നും വിനയപ്രസാദ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനിടക്ക് തന്നെ ഷോട്ട് റെഡിയായാൽ കഥാപാത്രമാകുമെന്നും വിനയപ്രസാദ് പറഞ്ഞു.

‘ഈ തമാശകളെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഷോട്ട് റെഡി എന്ന് വിളിച്ചു പറഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം കഥാപാത്രമായി മാറും,’ വിനയപ്രസാദ് കൂട്ടിച്ചേർത്തു.

Content Highlight: Vinaya Prasad shares Memories of Late actors

We use cookies to give you the best possible experience. Learn more