പൊലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ പാടില്ല എന്ന പൊതുധാരണയെ പൊളിച്ചെഴുതിയ നടനായിരുന്നു ഹരീശ്രീ അശോകന്‍. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഭക്തവത്സലന്‍ അതുവരയുണ്ടായിരുന്ന പൊലീസ് ചിന്തയെ മാറ്റിയ ഒന്നായിരുന്നു. മമ്മൂട്ടിക്കൊപ്പം രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ താടിവെച്ച പത്രോസ് പൊലീസ് ചിരിയുണര്‍ത്തുന്നുണ്ട്. പിന്നീട് രഹസ്യ പൊലീസിലും ഹരീശ്രീ അശോകന്റെ പൊലീസ് കഥാപാത്രത്തിന് താടിയുണ്ട്.
സിനിമയില് ലോജിക്ക് നോക്കാത്ത കാലത്തായിരുന്നു ഹരിശ്രീ അശോകന്റെ ഈ കഥാപാത്രങ്ങളെല്ലാം വന്നത്. സിനിമ കൂടുതല്‍ റിയലിസ്റ്റിക്കായപ്പോള്‍ ഇത്തരം താടി പൊലീസ് കഥാപാത്രങ്ങള്‍ പതിയെ അപ്രത്യക്ഷമായി. ഹരിശ്രീ അശോകന് ശേഷം താടിയുള്ള പൊലീസായി വേഷമിട്ടത് മോഹന്‍ലാലാണ്. പൊലീസുകാര്‍ക്ക് താടി വളര്‍ത്താമോ എന്ന ചോദ്യം ഒഴിവാക്കാനായി സസ്‌പെന്‍ഷനിലുള്ള പൊലീസുകാരനായിട്ടാണ് 12th മാനില്‍ അദ്ദേഹത്തെ അവതരിപ്പിച്ചത്.
താടിവെച്ച പൊലീസായി മാത്രമല്ല, പട്ടാളക്കാരനായും മോഹന്‍ലാലിനെ അവതരിപ്പിച്ചിട്ടുണ്ട്. ട്രോളന്മാരുടെ വലിയ ഇരകളിലൊന്നായ ആറാട്ടിലായിരുന്നു താടിവെച്ച പട്ടാളക്കാരനെ കാണാന്‍ സാധിച്ചത്. ഇപ്പോഴിതാ ഹരീശ്രീ അശോകനും മോഹന്‍ലാലിനും വെല്ലുവിളിയുമായി വന്നിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. അടുത്തിടെ ഹിറ്റായ രണ്ട് സിനിമകളില്‍ വിനയ്‌യുടെ പൊലീസ് കഥാപാത്രത്തിന് താടിയുണ്ട്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ മോഹിനിയാട്ടമായിരുന്നു ആദ്യം. ഫേസ്‌ക്രീം ഉപയോഗിച്ച് മുഖത്ത് പാണ്ട് വന്നതിനാല്‍ അത് മറയ്ക്കാന്‍ വേണ്ടിയാണ് പാര്‍ത്ഥന്‍ താടി വളര്‍ത്തിയത്. ക്ലൈമാക്‌സ് സീനില്‍ നന്ദു പൊതുവാളിന്റെ ‘നല്ല പൊലീസ് ലുക്കുണ്ട്. ഒരു ഓറയൊക്കെയുണ്ട്, ആ താടി മാത്രമാണ് ഒരു ചപ്രി ഫീല്‍’ എന്ന ഡയലോഗ് ഒരുപാട് ചിരിയുണര്‍ത്തി.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാരിലും താടിവെച്ച പൊലീസുകാരനായി വിനയ് ഫോര്‍ട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സി.ഐ പ്രതാപ് മോഹന്‍ എന്ന കഥാപാത്രം ഓരോ സീനിലും അപാരമായ സ്‌കോറിങ്ങാണ് കാഴ്ചവെക്കുന്നത്. സെക്കന്‍ഡ് ഹാഫില്‍ പ്രതാപിനെ കാണിക്കുന്ന സീനുകളിലെല്ലാം തിയേറ്ററില്‍ ചിരിയുടെ പൂരമായിരുന്നു. ശബരിമലക്ക് പോകാനായി മാലയിട്ട പൊലീസുകാരനായിട്ടാണ് പ്രതാപിനെ അവതരിപ്പിച്ചിട്ടുള്ളത്.
തുടര്‍ച്ചയായി രണ്ട് സിനിമകള്‍ താടി പൊലീസായി വേഷമിട്ടതോടെ ഹരിശ്രീ അശോകനെയും മോഹന്‍ലാലിനെയും വെട്ടിക്കാനുള്ള പ്ലാനാണോ വിനയ് ഫോര്‍ട്ടിനെന്നും ചോദ്യങ്ങളുണ്ട്. ഒരേ ലുക്കിലുള്ള കഥാപാത്രങ്ങളാണെങ്കിലും പാര്‍ത്ഥനെയും പ്രതാപിനെയും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ വിനയ് ഫോര്‍ട്ടിന് സാധിച്ചിട്ടുണ്ട്.
Content Highlight: Vinay Fortt’s police roles in Mohiniyattam and Pradhama Drishtya Kuttakkar