റിലീസ് ചെയ്ത് കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിലെ നായകനായ നിവിൻ പോളിയുടെയും നായിക മമിത ബൈജുവിന്റെയും പ്രകടനത്തോടൊപ്പം തന്നെ, സപ്പോർട്ടിങ് കഥാപാത്രങ്ങളായെത്തിയ എല്ലാ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് നടൻ വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം.
ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ സംശയരോഗിയായ ചൊറിയാൻ അമ്മാവനായി മികച്ച അഭിനയപ്രകടനമാണ് വിനയ് ഫോർട്ട് കാഴ്ചവെച്ചത്. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നടൻ നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുകയാണ് താരം.
വിനയ് ഫോർട്ട്. Photo. X.com
തമാശകൾ പറഞ്ഞ് കൊണ്ട്, ജീവിതം ആഘോഷമാക്കുന്ന ഒരു വ്യക്തിയാണ് നിവിൻ പോളി എന്ന് വിനയ് ഫോർട്ട് പറയുന്നു. അതുകൊണ്ടുതന്നെ നിവിന്റെ കൂടെയുള്ള അഭിനയം വളരെ രസകരമാണെന്നും വിനയ് കൂട്ടിച്ചേർത്തു.
‘നിവിൻ ലൈഫ് ഭയങ്കരമായി ആഘോഷിക്കുന്ന ഒരാളാണ്. അവൻ ആ മുമെന്റിൽ ജീവിക്കും. പുള്ളിക്കാരന്റെ കൂടെ ഇരിക്കുമ്പോൾ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ് ഭയങ്കര ലൈവ്‌ലി ആയിരിക്കും. അതുകൊണ്ടുതന്നെ നിവിന്റെ കൂടെ വർക്ക് ചെയ്യാനും ഭയങ്കര രസമാണ്. പിന്നെ ഞങ്ങൾ ഇതിനുമുമ്പൊക്കെ ഒരുമിച്ച് വർക്ക് ചെയ്തതുകൊണ്ട് ഒരു ഗിവ് ആൻഡ് ടേക്ക് പരിപാടിയുണ്ട്,’ നടൻ പറഞ്ഞു.
നിവിന്റെ കൂടെ അഭിനയിക്കുമ്പോൾ ചിലപ്പോൾ ചെറിയ കാര്യങ്ങൾക്ക് വരെ ചിരിച്ച്, കൂടെ അഭിനയിക്കുന്നവരെയും ചിരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ അഭിനേതാവ് എന്ന നിലയിലുള്ള വലിയ ചലഞ്ച് എന്തെന്നാൽ നിവിൻ ചിരിക്കാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതാണെന്നും വിനയ് ഫോർട്ട് പറഞ്ഞു.
നിവിൻ പോളി. Photo. Screen grab/ Youtube
‘നിവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഉള്ള ഏറ്റവും വലിയ ചലഞ്ച് അതാണ്. അവൻ ഈ കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് വരെ ചിരിക്കും. ടേക്കിൽ നമ്മൾ എന്തെങ്കിലും ഡയലോഗ് പറഞ്ഞു കഴിഞ്ഞാൽ അവൻ അങ്ങ് ചിരിച്ചു കളയും.
അതുകൊണ്ട് ഞങ്ങൾ കൂടുതൽ റിഹേഴ്സൽ ചെയ്യും. അപ്പോൾ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിവിന് അറിയാൻ പറ്റുമല്ലോ. പിന്നെ ഞങ്ങൾ വർഷങ്ങളായി കൂടെ അഭിനയിക്കുന്നതുകൊണ്ട് നിവിന്റെ കൂടെ അഭിനയിക്കുമ്പോൾ ഭയങ്കര കംഫർട്ടബിൾ ആണ്,’ വിനയ് ഫോർട്ട് പറഞ്ഞു.