| Friday, 23rd January 2026, 9:40 am

മഴയുള്ള കാടിനകത്ത് ഷൂട്ട് ചെയ്യേണ്ടി വന്നത് വലിയ പരീക്ഷണമായിരുന്നു; അത്തരമൊരു സിനിമയുണ്ടാക്കി എന്നത് വളരെ അത്ഭുതകരമാണ്: വിനയ് ഫോർട്ട്

നന്ദന എം.സി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ചിത്രമാണ് ചുരുളി. റിലീസിന് പിന്നാലെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ചിത്രം കൂടിയായിരുന്നു ഇത്. സിനിമയിലെ തെറി പ്രയോഗങ്ങളാണ് പ്രധാനമായും വിമർശനങ്ങൾക്ക് കാരണമായത്. പ്രത്യേകിച്ച് ജോജു ജോർജിന്റെ ചില രംഗങ്ങൾ വലിയ ചർച്ചകൾക്ക് ഇടയാക്കി.

ചിത്രത്തിൽ ജോജു ജോർജിനൊപ്പം വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചുരുളിയിൽ, ഷാജിവൻ എന്ന കഥാപാത്രമായാണ് വിനയ് ഫോർട്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ചുരുളി, Photo: IMDb

സിനിമയെ കുറിച്ചും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചും വിനയ് ഫോർട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘സിനിമ ആകെ 19 ദിവസമാണ് ഷൂട്ട് ചെയ്തത്. 19 ദിവസം കൊണ്ട് തന്നെ ചുരുളി പോലൊരു സിനിമ ലിജോ ഉണ്ടാക്കി എന്നത് അത്ഭുതകരമാണ്. ഫിസിക്കലി ഭയങ്കര ചലഞ്ചിങ് ആയിരുന്നു. ഫുൾ ടൈം മഴയുള്ള കാടിനകത്ത് ഷൂട്ട് ചെയ്യേണ്ടി വന്നത് വലിയ പരീക്ഷണമായിരുന്നു.

ചുരുളി, Photo: IMDb

പക്ഷേ ആ ഫിലിം മേക്കിങ് പ്രോസസ് ഞങ്ങൾക്ക് ഒരു ട്രിപ്പായിരുന്നു. ലിജോ ഭയങ്കര അൺപ്രഡിക്റ്റബിൾ ആയ ഫിലിം മേക്കറാണ്. ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് തന്നെയായിരുന്നു ചുരുളി. ശരിക്കും ഇന്ത്യൻ സിനിമയിലെ തന്നെ ബെസ്റ്റ് വർക്കുകളിൽ ഒന്നെന്ന് വേണമെങ്കിൽ പറയാം,’ വിനയ് ഫോർട്ട് പറഞ്ഞു.

മയിലാടൻകുറ്റി ജോയ്, മയിലാടുംപറമ്പിൽ ജോയി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരാളെ തേടി ചുരുളി എന്ന വനഗ്രാമത്തിലെത്തുന്ന ആന്റണി, ഷാജിവൻ എന്നീ രണ്ട് പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റണി എന്ന കഥാപാത്രത്തെ ചെമ്പൻ വിനോദ് അവതരിപ്പിച്ചപ്പോൾ, തങ്കൻ എന്ന വേഷത്തിലാണ് ജോജു ജോർജ് ചിത്രത്തിൽ എത്തിയത്.

കാട്ടിലെ ജീവിതം ഒരുപറ്റം മനുഷ്യരുടെ സ്വഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ചുരുളിയുടെ ഇതിവൃത്തം. ചിത്രത്തിന്റെ തിരക്കഥയോടൊപ്പം മധു നീലകണ്ഠന്റെ ക്യാമറയും രംഗനാഥ് രവി ഒരുക്കിയ സൗണ്ട് ഡിസൈനും സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ നിർണായക പങ്കുവഹിച്ചിരുന്നു.

Content Highlight: Vinay Fort talks about his shooting experience for the movie Churi

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more