| Friday, 2nd October 2026, 2:27 pm

അച്ഛന്‍ മരിച്ച് പത്താമത്തെ ദിവസം ഷൂട്ട് ചെയ്ത സിനിമയാണത് , ബാക്കി സിനിമകളില്‍ നിന്നും പിന്മാറിയപ്പോള്‍ ഇതില്‍ നിന്ന് മാത്രം പിന്മാറിയില്ല: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെത്‌ലഹേം കുടുംബ യൂണിറ്റ് , പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്നീ വമ്പന്‍ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഫോര്‍ട്ടിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ദി തേര്‍ഡ് മര്‍ഡര്‍. അവസാന രണ്ട് സിനിമയിലെയും വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകപ്രശംസ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ കോമഡി കഥാപാത്രങ്ങള്‍ക്ക് ശേഷം ഗൗരവമുള്ള ഒരു കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്.

തന്റെ അച്ഛന്‍ മരിച്ചതിനു ശേഷം ദി തേര്‍ഡ് മര്‍ഡര്‍ ഒഴികെ ബാക്കി സിനിമകളില്‍ നിന്നും പിന്മാറിയിരുന്നുവെന്നും തന്റെയും കഥാപാത്രത്തിന്റെയും മാനസികാവസ്ഥ ചേര്‍ന്ന് പോകുന്നതുകൊണ്ടാണ് ഈ സിനിമയില്‍ മാത്രം അഭിനയിച്ചതെന്നും പറയുകയാണ് താരം. സിനിമയുമായി ബന്ധപ്പെട്ട് മനോരമ മാക്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിനയ് ഫോര്‍ട്ട്

‘ഞാന്‍ എന്റെ അച്ഛന്‍ മരിച്ചിട്ട് പത്താമത്തെ ദിവസം ഷൂട്ട് ചെയ്ത ചിത്രമാണിത്. എന്റെയും മറ്റ് സിനിമകളിലെ കഥാപാത്രത്തിന്റെയും മാനസികാവസ്ഥ വ്യത്യസ്തമായതിനാല്‍ ഈ സിനിമ ഒഴികെ ബാക്കി സിനിമകളില്‍ നിന്ന് ഞാന്‍ പിന്മാറി. ഇതിലെ കഥാപാത്രവും ഞാനും ഒരേ മാനസികാവസ്ഥയിലൂടെയാണ് അപ്പോള്‍ കടന്ന് പോയത്. അതുകൊണ്ട് സിനിമയില്‍ എനിക്ക് ഒരുപാട് അഭിനയിക്കേണ്ടി വന്നില്ല.’ വിനയ് പറഞ്ഞു.

തന്റെ എന്റെയര്‍ സിനിമ കരിയറില്‍ ഇതുവരെയും അഭിനയിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് താരം പറഞ്ഞു. കോമഡിക്ക് ശേഷം താന്‍ ചെയ്യാനാഗ്രഹിച്ച കഥാപാത്രങ്ങളില്‍പ്പെടുന്ന ഒരു കഥാപാത്രമാണ് ഇതിലേതെന്ന് വിനയ് വ്യക്തമാക്കി. ഇങ്ങനെ ഒരു വ്യത്യസ്ത കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.

വിനയ് ഫോര്‍ട്ട്. Photo: X.com

വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണശൈലി കൊണ്ടും മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകന്‍ സുനില്‍ ഇബ്രാഹിമിന്റെ പുതിയ സിനിമയാണ് ദി തേര്‍ഡ് മര്‍ഡര്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ് , ഇന്ദ്രന്‍സ് , വിനയ് ഫോര്‍ട്ട് , ലിയോണ ലിഷോയ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനപ്പെട്ട അഭിനേതാക്കള്‍.

Content Highlight: Vinay fort talks about his difficult times

We use cookies to give you the best possible experience. Learn more