| Sunday, 6th September 2026, 11:00 pm

ബെത്‌ലഹേം കണ്ടവരാരും ചിത്രത്തിലെ എന്റെ ലുക്കിനെ ചോദ്യം ചെയ്തിട്ടില്ല: വിനയ് ഫോര്‍ട്ട്

അശ്വിന്‍ രാജേന്ദ്രന്‍

2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

വിനയ് ഫോര്‍ട്ട്. Photo: Ott Play

താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാളത്തിലെ സകല ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്കും ഭീഷണിയായിക്കൊണ്ട് രാജകീയ തേരോട്ടം നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഓണം അവധിയും പിന്നിട്ട് വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്നും 110 കോടിയും ആഗോളതലത്തില്‍ 250 കോടിയും നേടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ കരുത്ത് തെളിയിക്കുന്നത്.

ചിത്രത്തില്‍ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അമ്മാവനായ അലക്‌സായിട്ടായിരുന്നു വിനയ് പ്രത്യക്ഷപ്പെട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായ കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം ചിത്രത്തില്‍ കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം റിലീസായ ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയ്മിലും വിനയ് പ്രധാനവേഷത്തിലെത്തിയിരുന്നു.

അടുത്തിടെ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹിനിയാട്ടം എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ബെത്‌ലഹേമിലെ കഥാപാത്രത്തെ കുറിച്ചും വിനയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘മോഹിനിയാട്ടത്തിലെ എന്റെ കഥാപാത്രത്തിന് വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള ഒരു ലോജിക് ഡയറക്ടര്‍ കൊടുത്തിട്ടുണ്ട്. അതേ പോലെ തന്നെ ബെഹത്‌ലഹേം കണ്ട ഒരാള്‍ പോലും ബാങ്കിലെ ജീവനക്കാരന്‍ ഇങ്ങനെയാണോ ഉണ്ടാകുക എന്ന് എന്നോട് ചോദിച്ചിട്ടില്ല. കാരണം ഈ ലുക്കിന്റെ അപ്പുറത്തേക്ക് നമുക്ക് എത്ര കണ്‍വിന്‍സിങ് ആയി ക്യാരക്ടര്‍ പോര്‍ട്രൈ ചെയ്യാന്‍ പറ്റും എന്നുള്ള ഒരു ഫിലിം മേക്കറുടെ കണ്‍വിക്ഷന്‍ കൊണ്ടാണ് ആ കഥാപാത്രം സാധ്യമാകുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഒരു ഫിലിം മേക്കര്‍ നമ്മളെ അത്രയും വിശ്വസിച്ച് എന്ത് കഥാപാത്രം നല്‍കിയാലും നമുക്ക് അത് ഭംഗിയായി ചെയ്യാന്‍ സാധിക്കും. നല്ല ഒരു തിരക്കഥയില്‍ ഏത് കഥാപാത്രം തന്ന് കഴിഞ്ഞാലും ഫിലിം മേക്കറുടെ കണ്‍വിക്ഷന്‍ ഉണ്ടെങ്കില്‍ നമുക്ക് അത് ചെയ്യാന്‍ സാധിക്കും,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Fort talks about his character in Bethlehem Kudumba Unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more