മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു’, ‘പ്രേമം’, ‘തമാശ’, ‘മാലിക്’, ‘ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം മലയാള സിനിമയിലെ ഇന്നത്തെ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. നാനക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ്.
ഇന്ന് സിനിമ ആകെ മാറിപ്പോയി എന്നും ഇപ്പോൾ സിനിമകൾ ഷൂട്ട് ചെയ്യാൻ ഒരുപാട് സമയം എടുക്കുന്നുണ്ട് എന്നും വിനയ് പറയുന്നു. സിനിമ തിയേറ്ററിക്കൽ ആയാലേ ആളുകൾ പടം കാണാൻ തിയേറ്ററുകളിൽ എത്തുകയുള്ളൂ എന്നും അത് ക്യാരക്‌ടർ ആക്ടേഴ്സിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നും വിനയ് പറഞ്ഞു.
വിനയ് ഫോർട്ട്. Photo: OneIndiaMalayalam
‘മുൻപൊക്കെ ഒരു സിനിമ 30 ദിവസം കൊണ്ട് ഷൂട്ട് ചെയ്‌ത് തീരുമായിരുന്നെങ്കിൽ ഇന്ന് ഒരു സിനിമ നൂറും നൂറ്റിയിരുപതും ദിവസങ്ങൾ കൊണ്ടാണ് തീരുന്നത്. അതിന് കാരണം സിനിമയുടെ വലിപ്പം കൂടി. ഇപ്പോഴത്തെ ഏത് സിനിമയും തീയേറ്ററിക്കൽ ആയാലെ സിനിമകാണാൻ തീയേറ്ററിൽ ആളുകൾ വരികയുള്ളൂ.
സിനിമയുടെ ബഡ്‌ജറ്റും കൂടി. ഇങ്ങനെ വരുമ്പോൾ ക്യാരക്‌ടർ ആക്ടേഴ്സിന് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഐ ആം ഗെയിമിനും ബേത്ലഹേം കുടുംബ യൂണിറ്റിനും വേണ്ടി മാത്രം ഏഴ് മാസക്കാലം ഞാൻ വർക്ക് ചെയ്യാതിരുന്നിട്ടുണ്ട്,’ വിനയ് പറയുന്നു.
വിനയ് ഫോർട്ട്. Photo: OTTPlay
വലിയ സിനിമകളുടെ ഭാഗമാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വിനയ് ഫോർട്ട് സംസാരിക്കുന്നു.
‘വലിയ സിനിമകളുടെ ഭാഗമായി കഴിയുമ്പോൾ സിനിമയുടെ ഷൂട്ടിങിന് ദൈർഘ്യം കൂടും. എനിക്ക് ചിലപ്പോൾ ആകെ ദിവസം നോക്കിയാൽ 25 ദിവസത്തെ വർക്കെ കാണുകയുള്ളൂ. എന്നാൽ അത് സംഭവിക്കുന്നത് ഏഴെട്ട് മാസത്തിനുള്ളിലായിരിക്കും. നമ്മുടെ അപ്പിയേറൻസിന് മാറ്റംവരാതെ എപ്പോൾ വിളിച്ചാലും നമ്മൾ ആ സിനിമകളുടെ ഭാഗമാകേണ്ടി വരും. രൂപം മാറ്റാനും കഴിയില്ല. ഇതുപോലെയുള്ള വലിയ സിനിമയുടെ ഭാഗമാകേണ്ടി വരുന്നത് നമ്മുടെ ആവശ്യമായി മാറിയിരിക്കുകയാണ്.
ആ രീതിയിൽ വലിയ സിനിമകളുടെ ഭാഗമാകാതെ പോകുന്നതിൻ്റെ ബുദ്ധിമുട്ടുകൾ തനിക്കുണ്ടായിരുന്നു എന്നും, ചെയ്യുന്ന സിനിമകൾ നല്ലതാണെങ്കിലും ചിലതൊന്നും കരിയറിന് ഗുണം ചെയ്യാതെ പോകും എന്നും വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay fort talks about current scenario in cinemas