മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. ഓരോ സിനിമയിലൂടെയും പുതുമ പരീക്ഷിക്കുന്ന താരം പതിനഞ്ച് വര്‍ഷത്തിലേറെയായി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
വിനയ് ഫോര്‍ട്ട് അഭിനയിച്ച് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ സിനിമയാണ് സംശയം. തിയേറ്ററില്‍ അത്രകണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം എന്നാല്‍ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണിത്.
ഇപ്പോള്‍ സംശയം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. തന്റെ കുട്ടിയോട് തനിക്കുള്ള സ്‌നേഹം പോലെ തനിക്ക് സ്‌നേഹം തോന്നിയ സിനിമയാണ് ഇതെന്ന് വിനയ് പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എന്റെ കൂട്ടുകാരൊക്കെ ചോദിച്ചിട്ടുണ്ട് സംശയം കണ്ടിട്ടുണ്ടോയെന്ന്. എന്നാല്‍ ഭൂരിഭാഗം ആളുകളും കണ്ടിട്ടില്ല എന്നാണ് പറഞ്ഞത്. എന്റെ ജിമ്മിലുള്ളവരും ആ സിനിമ കണ്ടിട്ടില്ല. ഭയങ്കര നല്ല സിനിമയാണ്. എനിക്ക് എന്റെ കുട്ടിയോടുള്ള സ്‌നേഹംപോലെ എനിക്ക് സ്നേഹം തോന്നിയ സിനിമയാണത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.
താന്‍ വളരെ എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആ കഥാപാത്രത്തിന്റെ ഭാഷാശൈലി പിടിക്കാന്‍ ഞാന്‍ നന്നായി കഷ്ടപ്പെട്ടതാണ്. സിനിമയില്‍ വന്നിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതായി. പതിനഞ്ച്- പതിനാറ് വര്‍ഷങ്ങളായി ഞാന്‍ കെളക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴെങ്കിലും ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ. അങ്ങനെ ചെയ്തതാണ് സംശയം ,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
Content Highlight: Vinay Forrt Talks About Samshayam Movie