| Monday, 6th July 2026, 7:03 am

പ്രൊഫഷണൽ സക്സസ് എന്നാൽ എത്ര പണം ഉണ്ടാക്കുന്നു എന്നതാണ്: വിനയ് ഫോർട്ട്

നന്ദന. ടി

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് വിനയ് ഫോർട്ട്. ‘ഋതു’, ‘പ്രേമം’, ‘തമാശ’, ‘മാലിക്’, ‘ആട്ടം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച താരം, വിജയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ്. മനോരമ മാക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘എന്റെ ഇത്രയും നാളത്തെ സിനിമാജീവിതത്തിൽ നിന്ന് സക്സസിന്റെ ഡെഫിനിഷൻ ഒരുപാട് മാറിയിട്ടുണ്ട്. ഞാൻ നാലാം ക്ലാസിൽ ബാലസംഘത്തിന് വേണ്ടി നാടകം കളിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് വരുന്നത്. പണ്ടൊക്കെ ഞാനും എന്റെ സുഹൃത്തുക്കളും കൂടുതലായി സംസാരിച്ചിരുന്നത് ലിറ്ററേച്ചറിനെയും ആർട്ടിനെയും അഭിനയത്തെയും കുറിച്ചായിരുന്നു. അങ്ങനെയുള്ള കാര്യങ്ങളായിരുന്നു ഞങ്ങളുടെ ലോകം.

വിനയ് ഫോർട്ട്.photo.X

പക്ഷേ ഇവിടെ സക്സസിന്റെ ഡെഫിനിഷൻ കൊമേഴ്‌സ്യൽ സക്സസാണ്. ബിസിനസാണ് ഇവിടെ സക്സസ്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ‘ആട്ടം’ പോലൊരു സിനിമ ചെയ്ത ഗ്രൂപ്പാണ് ഞങ്ങൾ. ഇന്ത്യയിലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ആ കുഞ്ഞു സിനിമയ്ക്ക് ലഭിച്ചു. ‘ആട്ട’ത്തിന് മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളും ലഭിച്ചു. പക്ഷേ ഞങ്ങൾ സക്സസ്ഫുൾ അല്ല. അതിൽ തെറ്റൊന്നുമില്ല. അതൊരു ഹാർഷ് റിയാലിറ്റിയാണ്.

ഞാൻ അഞ്ചു രൂപ മുടക്കിയാൽ ആ അഞ്ചു രൂപ തിരികെ കിട്ടണം എന്നൊരു കാര്യമുണ്ടല്ലോ. പ്രൊഫഷണൽ സക്സസിന്റെ ഡെഫിനിഷൻ നമ്മൾ എത്ര പണം ഉണ്ടാക്കുന്നു എന്നതുതന്നെയാണ്. ആ റിയാലിറ്റി ഞാൻ തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്.

കാരണം, എനിക്ക് വേണ്ടി ഞാൻ ഒരു പ്രോജക്ട് ഉണ്ടാക്കുന്ന ആളല്ല. ഒരു സംവിധായകൻ ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചാൽ, തിരക്കഥ വായിച്ച് ഇഷ്ടമായാൽ ഞാൻ അത് ചെയ്യും. അത്രയേ ഉള്ളൂ. പക്ഷേ അങ്ങനെ മാത്രമല്ല ഞാൻ വർക്ക് ചെയ്യേണ്ടതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു.

എന്നിരുന്നാലും ഞാൻ എപ്പോഴും ഗ്രേറ്റ്ഫുളാണ്. കാരണം, കഴിഞ്ഞ പതിനാറ് വർഷമായി ഞാൻ സിനിമാ മേഖലയിലുണ്ട്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷം ഞാൻ മറ്റൊരു ജോലിക്കും പോയിട്ടില്ല. എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്തുകൊണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരാളാണ് ഞാൻ. പക്ഷേ ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് ഉണ്ടായ തിരിച്ചറിവുകളാണ്. മാറ്റേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങളാണ് അവ,’ വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ട്.photo.X

Content Highlight: Vinay Forrt talks about professional success
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more