| Sunday, 13th September 2026, 12:56 pm

പൗഡർ പോലും ഇടാതെ വളരെ സിമ്പിളായാണ് മമിത വരുന്നത്: വിനയ് ഫോർട്ട്

നന്ദന. ടി

2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റ് അടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക്‌ ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ നടി മമിതയെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോർട്ട്.

വിനയ് ഫോർട്ട്. Photo. X.com

വളരെ പ്രൊഫഷണൽ ആയിട്ടുള്ള, തന്റേതായ ഒരു ഓറയുള്ള നടിയാണ് മമിത ബൈജു എന്ന് പറയുകയാണ് വിനയ്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ചിത്രീകരണ വേളയിൽ മമിതയുമായി ഉണ്ടായ ഓർമയും വിനയ് പങ്കുവെക്കുന്നു.

‘മമിതയ്ക്ക് ഒരു ഓറയുണ്ട്. പിന്നെ ഭയങ്കര പ്രൊഫഷണൽ ആയിട്ടുള്ള ആക്ടറാണ്. ബെത്‌ലഹേം ഷൂട്ട് ചെയ്യുമ്പോൾ അതിലെ ട്രെയിനിലെ സീൻ ഷൂട്ട് ചെയ്യുന്ന സമയമാണ്, ജനറൽ കംപാർട്ട്മെന്റിലാണ് ഷൂട്ട് നടക്കുന്നത്. ആ സമയത്ത് മമിത സൂര്യ സാറിന്റെ സിനിമയൊക്കെ കഴിഞ്ഞ് തീപ്പൊരിയായി നിൽക്കുന്ന ആളാണ്.

ഞാൻ നോക്കിയപ്പോൾ കംപാർട്ട്മെന്റിലെ ഏതോ ഒരു മൂലയിൽ പോയി വളഞ്ഞു കുനിഞ്ഞു കിടന്നുറങ്ങുകയാണ് ഉച്ചയ്ക്ക്. ഒരു ഫാൻ പോലുമില്ലാത്ത ആ ചൂടിലാണ് മമിത കിടക്കുന്നത്. അപ്പോൾ എന്നെ കണ്ടു എണീറ്റപ്പോൾ ഞാൻ ‘പാൻ ഇന്ത്യൻ സ്റ്റാർ’ എന്ന് വിളിച്ചു,’ വിനയ് പറഞ്ഞു.

സിനിമയോട് വളരെയധികം ആത്മാർത്ഥത പുലർത്തുന്ന നടിയാണ് മമിതയെന്നും, നടി എന്ന രീതിയിലുള്ള ആർഭാടങ്ങളൊന്നും തന്നെ മമിതയിൽ കാണാറില്ലെന്നും നടൻ പറഞ്ഞു.

‘വളരെ കുഞ്ഞായിട്ടുള്ള കാര്യങ്ങൾ പോലും മമിത ഭയങ്കര സീരിയസ് ആയിട്ടാണ് കാണുക. ഒരു ക്രാഫ്റ്റിനോട് ഇത്ര ആത്മാർത്ഥത നമ്മൾ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അങ്ങനത്തെ ഒരു സ്പേസിൽ എത്തിച്ചേരും. നടിമാർക്ക് ഒരു പരിമിതിയുണ്ടല്ലോ, അതായത് അവർ എപ്പോഴും വെൽ ഡ്രസ്ഡ് ആയി സുന്ദരിയായിട്ട് വരണമെന്നത്.

മമിത ബൈജു. Photo. X.com

ഞാൻ ഈ അമ്മയുടെ മീറ്റിംഗിലൊക്കെ മമിത വരുന്നത് കണ്ടിട്ടുണ്ട്, പൗഡർ പോലും ഇട്ടിട്ടുണ്ടാവില്ല. ഒരു ജീൻസും ഷർട്ടുമൊക്കെ ധരിച്ച് കാറോടിച്ച് വളരെ സിംപിൾ ആയിട്ടാണ് വരുക. അപ്പോഴൊക്കെ ഞാൻ വിചാരിക്കും മമിത പൊളിയാണല്ലോ,’ എന്ന് വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Vinay Forrt talks about Mamitha Baiju

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more