2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.
നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.
വിനയ് ഫോർട്ട്. Photo. X.com
ഇപ്പോഴിതാ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ തന്റെ കഥാപത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനയ്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് തനിക്ക് ഏറെ ചലഞ്ചിംഗ് ആയിരുന്ന സിനിമയാണെന്ന് നടൻ വിനയ് ഫോർട്ട്. ചിത്രത്തിൽ പരിമിതമായ സ്‌ക്രീൻ സ്‌പേസിലാണ് തന്റെ കഥാപാത്രം എത്തുന്നതെന്നും, ആ കുറച്ച് സീനുകളിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും വിനയ് ഫോർട്ട് പറഞ്ഞു.
‘ബെത്‌ലഹേമിൽ എന്നെ സംബന്ധിച്ച് ഭയങ്കര ചലഞ്ചിംങ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ്. കാരണം ഗിരീഷ് ഓരോ സീനിലും ഓരോ കഥാപാത്രങ്ങൾക്കുമുള്ള ഡയലോഗ് വരെ എഴുതിക്കൊടുക്കും, എന്നിട്ട് ആ ഡയലോഗുകളുടെ മുകളിലാണ് ചിരി. എനിക്ക് ആകെ ആ സിനിമയിൽ കുറച്ച് സ്‌ക്രീൻ സ്‌പേസ് മാത്രമേയുള്ളൂ. ബാക്കി സിനിമയിലെ കോമഡി കഥാപാത്രങ്ങളൊക്കെ തുടക്കം മുതലേ സിനിമയിലുണ്ട്. അപ്പോൾ എന്റെ കോമ്പറ്റീഷൻ നടക്കുന്നത് എനിക്കുള്ള ആ അഞ്ചു സീനിലാണ്,’ നടൻ പറഞ്ഞു.
സിനിമയിൽ തന്റെ കഥാപത്രത്തിനോട് പ്രേക്ഷകരുടെ വെറുപ്പ് മാത്രം ഉണ്ടാകാതെ, എവിടെയെങ്കിലും ഒരു ഇഷ്ടം കൂടി തോന്നണമെന്നായിരുന്നു ആഗ്രഹമെന്നും വിനയ് ഫോർട്ട് പറഞ്ഞു.
‘ഭയങ്കര ഫീൽഗുഡ് ആയിട്ട് സിനിമ പോകുന്നതിന്റെ ഇടയിൽ ചൊറിയും കൊണ്ടാണ് ഞാൻ വരുന്നത്. ഞാനാണ് പടത്തിന്റെ കോൺഫ്ലിക്റ്റ്. അപ്പോൾ ഈ ചൊറിക്ക് കയ്യടി കിട്ടുക എന്ന് പറയുമ്പോൾ, ഒന്ന് ഇത് വർക്ക് ആവണം. അതായത് ഞാൻ ഒരു വെറുപ്പിക്കൽ ആണെങ്കിൽക്കൂടി ഒരു ഫീൽഗുഡ് കോമഡി പടത്തിൽ ആളുകൾക്ക് എന്നോട് വെറുപ്പ് തോന്നാതെ എവിടെയോ ഒരു ഇഷ്ടം തോന്നണം.
വിനയ് ഫോർട്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Manorama Online
സിനിമ കഴിയുമ്പോൾ ആളുകൾ പറയുന്ന പേരുകളിലൊന്ന് എന്റേതായിരിക്കണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ സിനിമയിൽ ഞാൻ വരുന്ന സീനുകളൊക്കെ ഭയങ്കര ഡ്രമാറ്റിക് ആണ്. അപ്പോൾ ഈ ഡ്രാമയുള്ള സീനുകളൊക്കെ നമുക്ക് പെട്ടെന്ന് അഭിനയിച്ച് ഫലിപ്പിക്കാൻ എളുപ്പം ആയി,’ വിനയ് ഫോർട്ട് പറഞ്ഞു.