റിലീസ് ചെയ്ത് കേവലം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിലെ നായകനായ നിവിൻ പോളിയുടെയും നായിക മമിത ബൈജുവിന്റെയും പ്രകടനത്തോടൊപ്പം തന്നെ, സപ്പോർട്ടിങ് കഥാപാത്രങ്ങളായെത്തിയ എല്ലാ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് നടൻ വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം.
ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ സംശയരോഗിയായ ചൊറിയൻ അമ്മാവനായി മികച്ച അഭിനയപ്രകടനമാണ് വിനയ് ഫോർട്ട് കാഴ്ചവെച്ചത്. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനയ് ഫോർട്ട്.
വിനയ് ഫോർട്ട്. Photo. X.Com
ഒരു സിനിമയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ശരികളും പോരായ്മകളും നോക്കിയാണ് അഭിനയിക്കാൻ തെരരഞ്ഞെടുക്കാറുള്ളതെന്ന് പറയുകയാണ് വിനയ് ഫോർട്ട്. പലപ്പോഴും നമ്മളിൽ ഓരോ കഥാപാത്രങ്ങളുടെ സവിശേഷതകൾ ഉണ്ടാവാറുണ്ടെന്നും, അത് പിന്നീട് ഒരു സിനിമയ്ക്ക് അനുയോജ്യമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുകയാണ് ചെയ്യുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വിനയ് കൂട്ടിച്ചേർത്തു.
‘ഞാൻ എപ്പോഴും കഥാപാത്രങ്ങൾ കിട്ടുമ്പോൾ അവരുടെ ശരികളും തെറ്റുകളും പോരായ്മകളുമൊക്കെ നോക്കാറുണ്ട്. എന്നിട്ട് റിയൽ ലൈഫിൽ അങ്ങനെ ഒരു സന്ദർഭം വന്നാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും ചിന്തിച്ചുനോക്കും. ഞാൻ ഒരു 80 സിനിമകളിലോളം വർക്ക് ചെയ്തിട്ടുണ്ട്. ഈ കഥാപാത്രങ്ങളൊക്കെ നമ്മുടെ ഉള്ളിൽനിന്നുതന്നെ തപ്പി കണ്ടുപിടിക്കുന്ന പരിപാടിയാണ്.
നമ്മളിൽ ഒരു ക്യാരക്ടർ ഉണ്ടാവും, ആ ക്യാരക്ടറിന് ആവശ്യമുള്ള ഒരു ഏരിയ എടുത്തിട്ട് ബാക്കി ഒഴിവാക്കിയാണ് പലപ്പോഴും സിനിമയിൽ ഉണ്ടാവാറുള്ളത്. അല്ലാതെ നമുക്ക് മറ്റൊരു കഥാപാത്രമായി പൂർണ്ണമായി മാറാൻ പറ്റുമെന്നൊന്നും ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.
തന്നെ സംബന്ധിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റിൽ അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം തന്റെ കാഴ്ചപ്പാടിൽ സത്യസന്ധനും ശരിയുമായിട്ടുള്ള കഥാപാത്രമാണെന്നും വിനയ് ഫോർട്ട് പറയുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. വിനയ് ഫോർട്ട്. Photo. Manorama Online
‘ബെത്‌ലഹേം കുടുംബയൂണിറ്റിൽ ഞാൻ അലക്സ് എന്ന കഥാപാത്രത്തിന്റെ ശരികൾ മാത്രമേ നോക്കിയിട്ടുള്ളൂ. എന്നെ സംബന്ധിച്ച് അലക്സ് ആ സിനിമയിൽ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയാണ്. അയാൾ ഭയങ്കര സത്യസന്ധനായിട്ടുള്ള ഒരു അമ്മാവനാണ്. എന്റെ പ്രായമുള്ള ഒരുത്തൻ സ്വന്തം പെങ്ങളുടെ ഇരുപത് വയസ്സുള്ള കുട്ടിയെ കെട്ടാൻ വന്നുകഴിഞ്ഞാൽ നമ്മൾ ചിലപ്പോൾ ഇങ്ങനെയായിരിക്കും പ്രതികരിക്കുക.
ഞാൻ ജീവിതത്തിൽ ചിലപ്പോൾ അങ്ങേരെപ്പോലെ ആവണമെന്നില്ല. കാരണം ഒരിക്കലും അവർ പറയാതെ എന്റെ പെങ്ങളുടെ മകളുടെ ജീവിതത്തിൽ ഇന്റർഫിയർ ചെയ്യില്ല. പക്ഷെ ബെത്‌ലഹേമിലെ അലക്സിന് അവന്റേതായ ശരികളുണ്ട്. അതുകൊണ്ട് ഞാൻ അലക്സ് എന്ന കഥാപാത്രത്തെ ഒരു വില്ലനായിട്ടല്ല അവതരിപ്പിച്ചത്. ഞാൻ അയാളുടെ ശരികളിൽ വിശ്വസിച്ചാണ് ചെയ്തത്, അപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങളും എനിക്ക് ശരിയായിരുന്നു,’ വിനയ് ഫോർട്ട് പറഞ്ഞു.