| Wednesday, 14th October 2026, 2:09 pm

നിവിന്‍ ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടാണ് ഭൂമിയിലേക്ക് വന്നത്, ഫഹദ് സൂപ്പര്‍ ടാലന്റഡാണ്: വിനയ് ഫോര്‍ട്ട്

അശ്വിന്‍ രാജേന്ദ്രന്‍

2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

വിനയ് ഫോര്‍ട്ട്. Photo: X.com

താരത്തിന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാളത്തിലെ സകല ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്കും ഭീഷണിയായിക്കൊണ്ട് രാജകീയ തേരോട്ടം നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഓണം അവധിയും പിന്നിട്ട് വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടിയും ആഗോളതലത്തില്‍ 320 കോടിയും കടന്നാണ് ചിത്രം ബോക്സ് ഓഫീസില്‍ കരുത്ത് തെളിയിക്കുന്നത്.

ബെത്‌ലഹേമിന് പുറമെ വിജയം നേടിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലും അവറാച്ചന്‍ ആന്‍ഡ് സണ്‍സിലും വിനയ് പ്രധാനവേഷത്തിലെത്തിയിരുന്നു. അടുത്തിടെ ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകനടന്മാരെ കുറിച്ച് വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഫഹദ് സൂപ്പര്‍ ടാലന്റ് ഉള്ള ആളാണ്. അത് കൂടാതെ നമ്മളൊക്കെ ചെയ്യുന്ന പോലെ നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യുന്ന ആളാണ്. പക്ഷേ പുള്ളി പുറത്ത് വന്നിട്ട് എനിക്കറിയില്ല, അങ്ങനെ ഉണ്ടോ എന്നെല്ലാമാണ് നമ്മളോട് ചോദിക്കുന്നത്. ഇയാള്‍ ചെയ്ത കാര്യമൊന്നും നമ്മളോട് പറയില്ല. ഞാനിപ്പോഴും വിശ്വസിക്കുന്നത് ഇയാള്‍ പുറത്ത് ഏതോ വലിയ ഫിലിം സ്‌കൂളില്‍ പോയി പഠിച്ചിട്ടുണ്ടെന്നാണ്. അമേരിക്കയില്‍ സൈക്കോളജി പഠിക്കാന്‍ പോയിട്ടുണ്ടെന്നാണ് നമ്മളോടെല്ലാം പറഞ്ഞിട്ടുള്ളത്. പക്ഷേ ഞാനത് വിശ്വസിക്കുന്നില്ല.

വിനയ് ഫോര്‍ട്ട്. Photo: Screen Grab/ Club FM/ Youtube.com

അതേസമയം നിവിനെ എടുത്ത് കഴിഞ്ഞാല്‍ ലൈഫ് സെലിബ്രേറ്റ് ചെയ്യുക എന്ന് പറയുന്നതാണ് പുള്ളിയുടെ പ്രയോറിറ്റി. ലൈഫ് ആണ് നിവിന് എല്ലാം. മാറി നിന്ന് നോക്കുമ്പോള്‍ അയാള്‍ ഭയങ്കര ബ്ലെസ്ഡ് ആണ്. നിവിന്‍ നല്ല കഴിവുള്ള അഭിനേതാവാണ്. ഭയങ്കര ഈസിയായിട്ടാണ് പുള്ളി ക്യാരക്ടറിനെ അപ്രോച്ച് ചെയ്യുന്നത്. പിന്നെ അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടാണ് ഭൂമിയിലേക്ക് വന്നിരിക്കുന്നത്. ലൈഫും സന്തോഷവും കഴിഞ്ഞിട്ടാണ് പുള്ളിയ്ക്ക് ബാക്കിയുള്ളതെല്ലാം,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

ദുല്‍ഖര്‍ ഒരു വശത്ത് നല്ലൊരു ബിസിനസ്മാന്‍ ആണെന്നും മറ്റൊരു വശത്ത് സ്റ്റൈലിഷും ജെനുവിനുമായിട്ടുള്ള മനുഷ്യനും അഭിനേതാവുമാണെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ നിര്‍മിച്ച് നായകനായ ഐ ആം ഗെയ്മില്‍ വിനയ് ഫോര്‍ട്ട് പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Vinay Forrt talks about Dulquer Salmaan, Nivin Pauly and Fahadh faasil

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more