മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനയ് ഫോർട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഓരോന്നും മികച്ചതാക്കാൻ താരത്തിന് സാധിക്കാറുണ്ട്. നർമം നിറഞ്ഞ കഥാപാത്രങ്ങൾ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോർട്ടിന്റെ കൈകളിൽ ഭദ്രമാണ്.
മാലിക്, ആട്ടം, സംശയം എന്നീ സിനിമകളിലെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ചു നടൻ. അദ്ദേഹത്തിന്റെ പ്രദർശനത്തിലെത്താൻ പോകുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ചിത്രത്തിൽ ഫഹദിനൊപ്പമാണ് വിനയ് അഭിനയിക്കുന്നത്. ഇപ്പോൾ ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘ഫഹദ് ഞാൻ വർക്ക് ചെയ്തിട്ടുള്ള ആക്ടേഴ്‌സിൽ ഏറ്റവും കംഫർട്ട് ആയിട്ടുള്ള നടനാണ്. നമ്മളിപ്പോൾ അഞ്ചാമത്തെ സിനിമയാണെന്ന് തോന്നുന്നു ഒരുമിച്ച് ചെയ്യുന്നത്.
ഞാൻ ഫഹദുമായിട്ട് നല്ല സിങ്കാണ്. മാലിക്കിലെ ക്യാരക്ടറിനെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ ഇമോഷണൽ ട്രോമയിൽ കൂടെയും കടന്ന് പോകുന്ന കഥാപാത്രമാണ്. എന്നാൽ ഈ സിനിമ പ്ലേ ഫോർ ദി ഗാല്ലറിയാണ്.
ഓരോ ആളുകൾ സിനിമക്ക് വേണ്ടി തയ്യാറെടുപ്പ് എന്നുപറയില്ലെ? അതൊന്നുമില്ല. ആളുകളെ എൻടർടെയ്‌മെന്റ് ചെയ്യുക, ചിരിപ്പിക്കുക. അങ്ങനത്തെ പെർഫോമൻസാണ്,’ വിനയ് ഫോർട്ട് പറയുന്നു.
അൽത്താഫിന് സിനിമയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാകുമെന്നും അതാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളൊക്കെ വ്യത്യസ്തതയുള്ള ആക്ടേഴ്‌സ് ആണെന്നും എന്നാൽ ഫഹദ് അങ്ങനെയല്ലെന്നും വിനയ് ഫോർട്ട് പറയുന്നു.
ഗംഭീര ആക്ടേഴ്‌സ് എത്ര ലൗഡ് ചെയ്തുകഴിഞ്ഞാലും ഓക്കെയാണെന്നും അത് താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
ഓടും കുതിര ചാടും കുതിര
ഹഹദ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഫാമിലി കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും വേഷമിടുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.
Content Highlight: Vinay Forrt talking about Fahadh Faasil